ഒരുമിച്ച് വീടുകള്‍ വാങ്ങിക്കൂട്ടുന്ന കുത്തക കമ്പനികളായ ‘വള്‍ച്ചര്‍ ഫണ്ടു’കളാണ് അയര്‍ലണ്ടിലെ റൂറല്‍ ഏരിയകളില്‍ ഭവനവില കുത്തനെ ഉയരാന്‍ കാരണമാകുന്നതെന്ന് റിപ്പോര്‍ട്ട്. Institute of Professional Auctioneers and Valuers (Ipav) ഈ വര്‍ഷത്തെ ആദ്യ പകുതി വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, പല കൗണ്ടികളിലും അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വെറും ആറു മാസത്തിനിടെ 10 ശതമാനത്തില്‍ അധികം വില വര്‍ദ്ധിച്ചതായി വ്യക്തമാക്കുന്നു. രാജ്യത്തെ ടു-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളുടെ കാര്യമാണ് റിപ്പോര്‍ട്ട് പ്രധാനമായും പരിശോധിച്ചത്.
ടു-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഈ വര്‍ഷം ആദ്യ ആറ് മാസത്തിനിടെ ഏറ്റവുമധികം വില വര്‍ദ്ധിച്ചത് Westmeath-ലാണ്- 14.4%. 13% വര്‍ദ്ധനയുമായി Offaly ആണ് രണ്ടാമത്. മൂന്നാമതുള്ള Donegal-ല്‍ 12.69 ശതമാനവും, നാലാമതുള്ള Kilkkenny-യില്‍ 12.3 ശതമാനവും ആണ് വില വര്‍ദ്ധന.
വള്‍ച്ചര്‍ ഫണ്ടുകള്‍ വലിയ വിലയ്ക്ക് അപ്പാര്‍ട്ട്‌മെന്റുകള്‍ കൂട്ടമായി വാങ്ങുന്നതിനാല്‍, രാജ്യത്തെ first time buyer-മാര്‍ക്ക് സ്വന്തമായി ഒരു വാസസ്ഥലം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യമെങ്ങും ആളുകള്‍ കൂടുതലായി അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങാന്‍ കാരണം അവയ്ക്ക് വീടുകളെക്കാള്‍ വില കുറവായതാണ്. എന്നാല്‍ ഡബ്ലിന് പുറത്ത് മറ്റെല്ലായിടത്തും അപ്പാര്‍ട്ട്‌മെന്റ് വില വല്ലാതെ ഉയരുകയാണെന്നതാണ് സത്യം. വള്‍ച്ചര്‍ ഫണ്ടുകള്‍ ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നതും ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയ്ക്ക് പുറത്തുള്ള പ്രദേശങ്ങള്‍ തന്നെ. അവിടങ്ങളില്‍ മിക്കയിടത്തും മാസവാടകയ്ക്ക് പരിധി (rent cap) കല്‍പ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് പ്രധാന കാരണം.
രാജ്യത്തെ ജനസംഖ്യ ഉയരുന്നതും, ഐറിഷ് പൗരത്വം ഇല്ലാത്തവരും വീട് വാങ്ങുന്നതും താമസാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ടിലെ മറ്റൊരു ശ്രദ്ധേയമായ വസ്തുത എന്താണെന്നാല്‍, രാജ്യത്ത് കെട്ടിടങ്ങള്‍ക്ക് ഏറ്റവുമധികം വിലവര്‍ദ്ധിക്കുന്നത്, അവയ്ക്ക് വിപണിവില ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലാണ് എന്നതാണ്. Donegal പോലുള്ള പ്രദേശങ്ങളില്‍ വീടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മറ്റിടങ്ങളെ അപേക്ഷിച്ച് വില കുറവാണ്. എന്നാല്‍ Donegal-ല്‍ ടു- ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് ആറ് മാസത്തിനിടെ വില 12.69 ശതമാനവും, ത്രീ- ബെഡ്‌റൂം വീടുകള്‍ക്ക് 10.16 ശതമാനവും, ഫോര്‍- ബെഡ്‌റൂം വീടുകള്‍ക്ക് 11.6 ശതമാനവും ആണ് വില വര്‍ദ്ധിച്ചത്.
അതേസമയം ഡബ്ലിനിലെ ഡബ്ലിന്‍ 2, ഡബ്ലിന്‍ 8 എന്നിവിടങ്ങളിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വില വര്‍ദ്ധിച്ചത് 2.33% വീതം മാത്രമാണ്. സൗത്ത് കൗണ്ടി ഡബ്ലിന്‍, ഡബ്ലിന്‍ 15 എന്നിവിടങ്ങളിലാകട്ടെ 2.5 ശതമാനവും. വിലവര്‍ദ്ധന പതിയെയാണെങ്കിലും ഇവിടങ്ങളിലെല്ലാം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നല്‍കേണ്ട വില 411,000 യൂറോ മുതലാണ്. ഡബ്ലിനില്‍ ഏറ്റവും കുറവ് വിലയായ 261,667 യൂറോയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് ലഭിക്കുന്ന പ്രദേശം Firhouse, Tallaght, Jobstown എന്നിവയടങ്ങിയ ഡബ്ലിന്‍ 24 ആണ്. ഇവിടെ ആറ് മാസത്തിനിടെ 5.37% വില വര്‍ദ്ധിച്ചു.
Tipperary, Longford എന്നിവിടങ്ങളില്‍ 2017-ല്‍ ഒരു ടു- ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയ നിക്ഷേപകര്‍ക്ക് അത് വിറ്റാല്‍ നിലവില്‍ ഇരട്ടി തുകയായിരിക്കും കിട്ടുകയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡബ്ലിനിലാണ് ഇതെങ്കില്‍ പഴയ വിലയെക്കാള്‍ 34.7% മാത്രമേ വര്‍ദ്ധിച്ചുകാണൂ.