‘നൂറുകണക്കിന് നായ്ക്കളെ കൊല്ലേണ്ടി വരും’; അയർലണ്ടിലെ എക്സ് എൽ ബുള്ളി ഡോഗ് നിരോധനത്തിനെതിരെ പ്രതിഷേധം ശക്തം

അയര്‍ലണ്ടില്‍ എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായ്ക്കളെ വളര്‍ത്തുന്നത് വിലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. ശനിയാഴ്ചയാണ് ഡബ്ലിനിലെ സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ 200-ഓളം പേര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം അരങ്ങേറിയത്. രാജ്യത്ത് എക്‌സ്എല്‍ ബുള്ളി ഡോഗുകളെ നിരോധിക്കുന്നതിന്റെ ആദ്യ ഘട്ടമായി ഒക്ടോബര്‍ മുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ഇനത്തില്‍ പെട്ട നായ്ക്കളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, ഒരു യുവതി മരിക്കുകയും ചെയ്തിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത തീരുമാനം കൈക്കൊണ്ടത്.

ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വരുന്ന ആദ്യഘട്ടനടപടിയില്‍ എക്‌സ്എല്‍ ബുള്ളി നായ്ക്കളെ ബ്രീഡ് ചെയ്യുന്നതും, വില്‍ക്കുന്നതും, പുരധിവസിപ്പിക്കുന്നതും, ഇറക്കുമതി ചെയ്യുന്നതും നിയമപ്രകാരം നിരോധിക്കും. അടുത്ത വര്‍ഷം നടപ്പിലാക്കുന്ന രണ്ടാം ഘട്ടത്തില്‍ ഇവയെ വളര്‍ത്തുന്നതിനും നിരോധനം വരും. പ്രത്യേക സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ്.

അതേസമയം ഏത് ഇനത്തില്‍ പെട്ട നായ്ക്കള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും, സര്‍ക്കാര്‍ വിവേചനം കാണിക്കുകയല്ല, ബോധവല്‍ക്കരണം നടത്തുകയാണ് വേണ്ടതെന്നും വിവിധ മൃഗസംരക്ഷക സംഘടനകള്‍ ഡബ്ലിനില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പറഞ്ഞു. ഒരു രാജ്യത്തിന്റെ മഹത്വവും, ധാര്‍മ്മികമായ ഉയര്‍ച്ചയും വ്യക്തമാകുന്നത് ആ രാജ്യം അവിടുത്തെ മൃഗങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ചാണെന്ന് ഗാന്ധി പറഞ്ഞിരുന്നുവെന്ന് Working Animal Guardians rescue സംഘടനയുടെ പ്രതിനിധി ബ്രെന്‍ഡ ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. അയര്‍ലണ്ടില്‍ മൃഗങ്ങള്‍ക്ക് നേരെ നിരവധി ക്രൂരതകള്‍ നടക്കുന്നുവെന്നും, പല കാര്യങ്ങളിലും നിയമങ്ങള്‍ ശരിയായി നടപ്പിലാക്കപ്പെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുകെയില്‍ നടപ്പിലാക്കിയ ഇത്തരം നിരോധനങ്ങള്‍ പാളിപ്പോയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ മുതലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലായാല്‍ രാജ്യത്തെ എക്‌സ്എല്‍ ബുള്ളി നായ്ക്കളെ ദയാവധം നടത്തുകയേ നിവൃത്തിയുള്ളൂവെന്നും ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. അവയുടെ ഉടമകളാകട്ടെ മറ്റ് ഇനങ്ങളെ വളര്‍ത്താന്‍ ആരംഭിക്കുകയും ചെയ്യും- അവര്‍ പറഞ്ഞു.

നിരവധി എക്‌സ്എല്‍ ബുള്ളി നായ്ക്കളെ നിലവില്‍ ഉടമകള്‍ ഉപേക്ഷിക്കുന്ന സ്ഥിതിയാണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു. ഇങ്ങനെ വന്നാല്‍ നൂറുകണക്കിന് നായ്ക്കളെ കൊല്ലേണ്ടതായി വരും. ഉടനടി നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചത് കാരണം നായ്ക്കളെ പുരധിവസിപ്പിക്കുന്നതിനായി ആവശ്യത്തിന് സമയം ലഭിക്കാത്ത സാഹചര്യമാണെന്നും, നിയമത്തിനെതിരെ വേണ്ടിവന്നാല്‍ കോടതിയില്‍ പോകുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: