ഇന്ത്യൻ വിദ്യാർത്ഥിയുടെ കഴുത്തിൽ കുരുക്കിട്ട് മുറുക്കി; വംശീയ ആക്രമണങ്ങളിൽ ഞെട്ടി കോർക്ക്

കോര്‍ക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കുകയും, വംശീയമായി ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഞെട്ടല്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കോര്‍ക്ക് സിറ്റിയില്‍ വച്ച് ഇന്ത്യക്കാരനായ ഒരു വിദ്യാര്‍ത്ഥിയെ പുറകിലൂടെ സമീപിച്ച അക്രമി, കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ചത്. എന്നാല്‍ അക്രമിയില്‍ നിന്നും ഉടന്‍ തന്നെ കുതറി മാറിയ വിദ്യാര്‍ത്ഥി, ഇയാളുടെ ഫോട്ടോ എടുത്തു. Patrick’s Street-ല്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. അക്രമം നേരിട്ട വിദ്യാര്‍ത്ഥി പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

അതേസമയം കോര്‍ക്കിലും, മറ്റ് പലയിടങ്ങളിലും കുടിയേറ്റക്കാര്‍ക്ക് നേരെ നടക്കുന്ന വംശീയമായ അക്രമസംഭവങ്ങള്‍ പ്രവാസി സമൂഹത്തില്‍ ഭയപ്പാട് സൃഷ്ടിക്കുന്നതായി UCC-യിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും, മലയാളിയുമായ ഡോ. ലേഖ മേനോന്‍ മാര്‍ഗ്ഗശ്ശേരി പറയുന്നു. കോര്‍ക്കില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലേഖയോട് പങ്കുവച്ചിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബിരുദാനന്തര ബിരുദപഠനത്തിനായാണ് വിദ്യാര്‍ത്ഥി കോര്‍ക്കില്‍ എത്തിയത്. ഈ സംഭവത്തോടെ ഇദ്ദേഹം പുറത്തിറങ്ങാനും, ക്ലാസില്‍ പോകാനും ഭയപ്പെടുകയാണെന്ന് ലേഖ പറയുന്നു. പാര്‍ട്ട് ടൈം ജോലി നോക്കുന്നുണ്ടായിരുന്നെങ്കിലും പുറത്ത് പോകാന്‍ ഭയമായതിനാല്‍ ക്യാംപസിനുള്ളില്‍ തന്നെ ജോലി ശരിയാക്കാനാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി ശ്രമിക്കുന്നത്.

അതേസമയം ശനിയാഴ്ച തന്നെ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും Paul Street Shopping Centre-ലേയ്ക്ക് പോകും വഴി സമാനമായി കഴുത്തില്‍ കയര്‍ കുരുക്കി ആക്രമിക്കപ്പെട്ടതായി തന്നോട് പറഞ്ഞുവെന്ന് ഡോ. ലേഖ പറയുന്നു. കുതറി മാറിയ ഈ വിദ്യാര്‍ത്ഥിയെ നോക്കി അക്രമിയും, കൂടെയുണ്ടായിരുന്നവരും പരിഹസിച്ച് ചിരിച്ചെന്നും വിദ്യാര്‍ത്ഥി ഡോ. ലേഖയോട് പറഞ്ഞു.

2008 മുതല്‍ കോര്‍ക്കില്‍ താമസിച്ചുവരുന്ന ഡോ. ലേഖ, നിലവിലെ സ്ഥിതിഗതികളില്‍ ആകുലപ്പെട്ടിരിക്കുകയാണ്. ഇവിടുത്തെ ആളുകള്‍ വളരെ സൗഹാര്‍ദ്ദപരമായി ഇടപെടുന്നവരായാണ് തനിക്ക് അനുഭവപ്പെട്ടിരുന്നതെന്നും, എന്നാല്‍ ഈയിടെയായി എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അവര്‍ പറയുന്നു. അതിനാല്‍ ഇവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളോട് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായേക്കാമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കാന്‍ ഡോ. ലേഖ നിര്‍ബന്ധിതയായിരിക്കുകയാണ്. ഇത് തുടര്‍ന്നാല്‍ ഭാവിയില്‍ അയര്‍ലണ്ടിലേയ്ക്ക് എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും ഡോ. ലേഖ പറയുന്നു.

അതേസമയം സംഭവത്തെ പറ്റി പ്രത്യേകമായി പ്രതികരിക്കാന്‍ നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ തയ്യാറായില്ലെങ്കിലും, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. സമൂഹം സുരക്ഷിതമാക്കി മാറ്റാനും, ഗാര്‍ഡയുടെ സേവനം ശക്തമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ഗാര്‍ഡയുടെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും, പോപ്-അപ്പ് ഗാര്‍ഡ സ്റ്റേഷനുകള്‍ ഉണ്ടാക്കാനും അടുത്തയാഴ്ചത്തെ കോര്‍ക്ക് സിറ്റി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്ന് ലേബര്‍ പാര്‍ട്ടി കൗണ്‍സിലറും, Irish Council for International Students ഡയറക്ടറുമായ Laura Harmon വ്യക്തമാക്കിയിട്ടുണ്ട്. ഡബ്ലിനില്‍ സമാനമായ പോപ്-അപ്പ് സ്റ്റേഷന്‍ സംവിധാനം നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. വംശീയതയും, അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും എല്ലാ നാട്ടിലും ഉണ്ടെങ്കിലും, അയര്‍ലണ്ടിന്റെ ഖ്യാതിക്ക് കോട്ടം തട്ടുന്നതാണ് ഇവിടെ നടക്കുന്ന സംഭവങ്ങളെന്നും Harmon അഭിപ്രായപ്പെട്ടു.

വംശീയാതിക്രമങ്ങളടക്കം നിരവധി അക്രമസംഭവങ്ങളാണ് ഈയിടെയായി കോര്‍ക്കിലെ വിവിധ പ്രദേശങ്ങളിലായി നടക്കുന്നത്. ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും, നരത്തിലെ പൊലീസിങ് രീതി പുനരവലോകം ചെയ്യണമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: