ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ വര്‍ഷം പരമാവധി 32 മില്യണ്‍ യാത്രക്കാര്‍ എന്ന പരിധി ഇത്തവണ മറികടന്നേക്കുമെന്ന് മുന്നറിയിപ്പ്. 2023-നെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ യാത്രക്കാരുടെ എണ്ണത്തില്‍ 5.5% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ പതിവിലുമധികം പേര്‍ എയര്‍പോര്‍ട്ട് വഴി സഞ്ചരിച്ചതായും, ഇത് സെപ്റ്റംബറിലും തുടര്‍ന്നേക്കുമെന്നുമാണ് മുന്നറിയിപ്പ്.
ഈ ഓഗസ്റ്റ് മാസത്തില്‍ 3.46 മില്യണ്‍ യാത്രക്കാരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടിന്റെ 84 വര്‍ഷത്തെ ചരിത്രത്തിലെ റെക്കോര്‍ഡാണിത്. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങളിലെ യാത്രക്കാരുടെ എണ്ണം 10 മില്യണ്‍ കടന്നു. 2024-ല്‍ ഇതുവരെ 22.7 മില്യണ്‍ യാത്രക്കാരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിയത്.
എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ എണ്ണം പരിധിയില്‍ തന്നെ നിര്‍ത്താനായി വേണ്ടതെല്ലാം തങ്ങള്‍ ചെയ്തിരുന്നുവെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. എയര്‍ലൈനുകള്‍ക്കുള്ള ഇന്‍സന്റീവുകള്‍ ഒഴിവാക്കുക, കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ പുതിയ പദ്ധതി പ്രകാരം കൂടുതല്‍ സീറ്റിങ് കപ്പാസിറ്റി കൊണ്ടുവരിക മുതലായവയെല്ലാം ചെയ്‌തെങ്കിലും, ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്ക് പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടില്ല. ഈ വര്‍ഷം 32 മില്യണ്‍ എന്ന പരിധിയിലധികം യാത്രക്കാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം 2024 ഒക്ടോബര്‍ 27 മുതല്‍ 2025 മാര്‍ച്ച് 29 വരെ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരുടെ എണ്ണം 14.4 മില്യണായി പരിമിതപ്പെടുത്താന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് Ryanair, Aer Lingus എന്നീ വിമാനക്കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.