അയര്‍ലണ്ടില്‍ മതമേലധികാരികള്‍ നടത്തുന്ന 308 സ്‌കൂളുകളിലായി പലകാലങ്ങളില്‍ 2400-ഓളം ലൈംഗികാതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഡേ സ്‌കൂള്‍, ബോര്‍ഡിങ് സ്‌കൂള്‍ എന്നിവിടങ്ങളിലായി 884 പേര്‍ക്കെതിരെയാണ് മുന്‍ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ 42 മതസ്ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകളുമായി ബന്ധപ്പെട്ടുള്ളതാണ് ചൊവ്വാഴ്ച പുറത്തുവിട്ട സുപ്രധാന റിപ്പോര്‍ട്ട്. 1970 മുതലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
രാജ്യത്ത് നേരത്തെ മതസ്ഥാപനങ്ങള്‍ നടത്തിയതും, നിലവില്‍ നടത്തിവരുന്നതുമായി സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങള്‍ കണ്ടെത്താനായി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസമിതിയാണ് നിരവധി പേരുമായി സംസാരിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 73 മതസ്ഥാപനങ്ങളുടെ സ്‌കൂളുകളില്‍ 42 എണ്ണത്തിലും െൈലംഗികാതിക്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതില്‍ 17 എണ്ണം സ്‌പെഷ്യല്‍ സ്‌കൂളുകളാണ്. ഇത്തരം 590 സംഭവങ്ങളാണ് ഇവിടങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ളത്.
അതേസമയം ലൈംഗികാരോപണം നേരിടുന്നവരില്‍ പകുതിയോളം പേരും മരിച്ചുപോയിട്ടുണ്ട്.
വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി നിയമിച്ച സീനിയര്‍ കൗണ്‍സലായ Mary O’Toole ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 700 പേജ് വരുന്ന റിപ്പോര്‍ട്ട് ജൂണില്‍ മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.
സ്‌കൂളുകളില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാനും, അതിജീവിച്ചവര്‍ക്ക് സഹായം നല്‍കാനും റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിനായി മതസ്ഥാപനങ്ങളെയും സര്‍ക്കാര്‍ സമീപിക്കണം.
മതസ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡേ, ബോര്‍ഡിങ് സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങളെ പറ്റി വിശദമായി പഠിക്കാനും, നടപടിയെടുക്കാനുമായാണ് സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചത്. ഇത്തരം സ്ഥാപനങ്ങളില്‍ കുട്ടികള്‍ ലൈംഗികമായി ഉപയോഗിക്കപ്പെടുന്നതായി ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി, സംഭവങ്ങള്‍ അന്വേഷിക്കാനായി പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും വ്യക്തമാക്കി. അതിജീവിക്കപ്പെട്ടവര്‍ക്ക് പ്രത്യേകസഹായം നല്‍കുന്നത് പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം തങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ ലൈംഗികാതിക്രമങ്ങളുടെ പേരില്‍ Spiritan Congregation ക്ഷമാപണം നടത്തുകയും, പ്രത്യേക അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സഭയ്ക്ക് കീഴിലുള്ള ഡബ്ലിനിലെ Blackrock College-ല്‍ അടക്കം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.