ലിമറിക്ക് സിറ്റി സെന്ററില്‍ കത്തിക്കുത്ത്. സെപ്റ്റംബര്‍ 1 ഞായറാഴ്ച പുലര്‍ച്ചെ 1.20-ഓടെ Newenham Street-ല്‍ വച്ചാണ് 20-ലേറെ പ്രായമുള്ള പുരുഷന് പലവട്ടം കത്തിക്കുത്തേറ്റത്. നെഞ്ചിലും, വയറ്റിലും കുത്തേറ്റ ഇദ്ദേഹം University Hospital Limerick (UHL)-ല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ച് വരികയാണ്.
പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആക്രമണം നടന്നതെന്ന് ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അക്രമി മറ്റൊരു പുരുഷനാണെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.
അതേസമയം അക്രമസ്ഥലത്ത് വലിയ ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടിരുന്നു. ആര്‍ക്കെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം:
Henry Street gardai on 061-212400
Garda Confidential Line on 1800 666 111