അയര്‍ലണ്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപിന്തുണ വ്യക്തമാക്കുന്ന Sunday Independent/Ireland Thinks സര്‍വേ ഫലം പുറത്ത്. പ്രധാനപ്രതിപക്ഷമായ Sinn Fein-ന്റെ ജനപ്രീതിയില്‍ വീണ്ടും ഇടിവ് സംഭവിച്ചതായും, സര്‍ക്കാര്‍ കക്ഷികളുടെ പിന്തുണയില്‍ വര്‍ദ്ധന സംഭവിച്ചതായുമാണ് പോള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം Sinn Fein-ന് 18% ജനപിന്തുണയാണ് ഉള്ളത്. 2022 ഒക്ടോബര്‍ മുതല്‍ തുടര്‍ച്ചയായി പിന്തുണ കുറഞ്ഞുവരുന്നതാണ് പാര്‍ട്ടിയിലെ ട്രെന്‍ഡ്.
അതേസമയം രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ളത് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ Fine Gael-ന് ആണ്- 25%. മുന്‍ സര്‍വേയെക്കാള്‍ 1% പിന്തുണ പാര്‍ട്ടിക്ക് വര്‍ദ്ധിച്ചു. അതോടൊപ്പം മറ്റൊരു ഭരണകക്ഷിയായ Fianna fail-ന്റെ ജനപിന്തുണ 1% വര്‍ദ്ധിച്ച് 21% ആയിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്കല്‍ തെരഞ്ഞെടുപ്പിലടക്കം ഇരു പാര്‍ട്ടികളും മികച്ച പ്രകടനമാണ് നടത്തിയത്.
Social Democrats-ന്റെ പിന്തുണ 1% കുറഞ്ഞ് 4% ആയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി എന്നിവ പിന്തുണയില്‍ വര്‍ദ്ധനയോ, വീഴ്ചയോ ഇല്ലാതെ 4 ശതമാനത്തില്‍ തുടരുകയാണ്.
മറ്റ് പാര്‍ട്ടികളുടെ ജനപ്രീതി ഇപ്രകാരം:
Aontú – 3% (1% കുറഞ്ഞു)
Solidarity People Before Profit – 2% (മാറ്റമില്ല)
സ്വതന്ത്രരും മറ്റുള്ളവരും – 19% (1% വര്‍ദ്ധിച്ചു)
നേതാക്കന്മാര്‍ക്കുള്ള പിന്തുണ
മുന്‍ സര്‍വേയെ അപേക്ഷിച്ച് 1% പിന്തുണ കുറഞ്ഞെങ്കിലും രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രിയും, Fine Gael നേതാവുമായ സൈമണ്‍ ഹാരിസാണ്. 53% പേരുടെ പിന്തുണയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ഹാരിസിന് ഉള്ളത്. 50% പേരുടെ പിന്തുണയോടെ ഉപപ്രധാനമന്ത്രിയും, Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിനാണ് രണ്ടാം സ്ഥാനത്ത്.
Aontú നേതാവായ Peadar Tóibín-ന് 32% പേരുടെ പിന്തുണയും, Sinn Fein നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡിന് 31% പേരുടെ പിന്തുണയുമുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.