അയര്‍ലണ്ടില്‍ ഇന്ന് (ഞായര്‍) പൊതുവെ നല്ല വെയില്‍ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. അതേസമയം ഉച്ചയ്ക്ക് ശേഷവും, വൈകുന്നേരവും തെക്കുപടിഞ്ഞാറന്‍ പ്രദേശത്തും, പടിഞ്ഞാറന്‍ പ്രദേശത്തും മഴ പെയ്യും. രാജ്യത്തെ മറ്റെല്ലായിടത്തും പൊതുവെ നല്ല വെയില്‍ ലഭിക്കും. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ മാത്രമാണ് പെയ്യുക. 17 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍ താപനില ഉയരും. രാത്രിയില്‍ ആകാശം മേഘാവൃതമാകുകയും, ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യും. 11 മുതല്‍ 15 ഡിഗ്രി വരെയാകും പരമാവധി താപനില.
നാളെ (സെപ്റ്റംബര്‍ 2 തിങ്കള്‍) രാവിലെയും ആകാശം മേഘാവൃതമായി തന്നെ തുടരും. മഴ പെയ്യുകയും, മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഉച്ചയോടെ പടിഞ്ഞാറന്‍ പ്രദേശത്ത് മേഘം മാറി നല്ല വെയില്‍ ലഭിക്കും. മറ്റിടങ്ങളില്‍ മേഘം മൂടുന്നത് തുടരുകയും, ചിലയിടങ്ങളില്‍ ശക്തമായ ഇടിയോടുകൂടിയ മഴ പെയ്യുകയും ചെയ്യും. 14 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയരുക. രാത്രിയില്‍ കിഴക്കന്‍ പ്രദേശത്താണ് പ്രധാനമായും മഴ പെയ്യുക. പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ചെറിയ രീതിയില്‍ മഴ പെയ്‌തേക്കാം. മറ്റിടങ്ങളില്‍ മഴയ്ക്ക് സാധ്യതയില്ല. രാത്രിയില്‍ താപനില 11 മുതല്‍ 7 ഡിഗ്രി വരെ താഴും.
മറ്റന്നാള്‍ (സെപ്റ്റംബര്‍ 3 ചൊവ്വ) രാവിലെ മുതല്‍ രാജ്യമെങ്ങും ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ശേഷം പതിയെ വെയില്‍ പരക്കും. 15 മുതല്‍ 19 ഡിഗ്രി വരെയാകും പരമാവധി താപനില. രാത്രിയില്‍ പൊതുവെ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. പടിഞ്ഞാറന്‍, വടക്കന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയും പെയ്‌തേക്കും. 12 മുതല്‍ 7 ഡിഗ്രി വരെ താപനില കുറയും.