ഇത്തവണത്തെ ലീവിങ് സര്‍ട്ടിഫിക്കറ്റ്, ലീവിങ് സര്‍ട്ടിഫിക്കറ്റ് അപ്ലൈഡ് പരീക്ഷകളില്‍ കോപ്പിയടി സംശയിച്ച് പിടിക്കപ്പെട്ടത് 114 വിദ്യാര്‍ത്ഥികള്‍. ഇതില്‍ 71 വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കുന്ന സ്ഥിരമായി തടഞ്ഞുവച്ചതായും State Examinations Commission (SEC) അറിയിച്ചു. ബാക്കി 43 വിദ്യാര്‍ത്ഥികളുടെ ഫലം താല്‍ക്കാലികമായി തടഞ്ഞുവച്ചിട്ടുണ്ട്. ഇതില്‍ ഇവരുടെയും, ഇവര്‍ പഠിക്കുന്ന സ്‌കൂളുകളുടെയും വിശദീകരണം ലഭിച്ച ശേഷം ഫലം പുറത്തുവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കോപ്പിയടി സംശയത്തില്‍ പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്തവണ 90% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ 60 വിദ്യാര്‍ത്ഥികളായിരുന്നു ഇത്തരത്തില്‍ പിടിക്കപ്പെട്ടത്. അതില്‍ 39 പേരുടെ ഫലം പുറത്തുവിടുന്നത് റദ്ദാക്കിയിരുന്നു.
പരീക്ഷാസമയത്ത് കോപ്പിയടിക്കുക, മറ്റുള്ളവരില്‍ നിന്നും സഹായം തേടുക, നോക്കിയെഴുതുക മുതലായവയെല്ലാം കുറ്റങ്ങളാണ്.
ലീവിങ് സെര്‍ട്ട് പോലുള്ള പരീക്ഷകളില്‍ കോപ്പിയടിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണമെന്ന് SEC വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു. കോപ്പിയടി സംശയിക്കുന്ന വിഷയത്തില്‍ മാര്‍ക്ക് കുറയ്ക്കുക മുതല്‍, ഫലം എക്കാലത്തേയ്ക്കും തടഞ്ഞുവയ്ക്കുക വരെ ശിക്ഷയായി ലഭിക്കാം. ചില സാഹചര്യങ്ങളില്‍ മുഴുവന്‍ പരീക്ഷകളുടെ ഫലവും റദ്ദാക്കാനും, നിശ്ചിത കാലത്തേയ്ക്ക് SEC പരീക്ഷകള്‍ എഴുതുന്നതിന് വിലക്ക് നേരിടാനും സാധ്യതയുണ്ട്.
ഇത്തവണ 60,839 വിദ്യാര്‍ത്ഥികള്‍ക്കാണ് ലീവിങ് സെര്‍ട്ട് ഫലം ലഭിച്ചത്.