ഓഗസ്റ്റിൽ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിൽ ചികിത്സ തേടിയത് 7,800 രോഗികൾ; അയർലണ്ടിലെ ആശുപത്രികളിൽ സ്ഥിതി ഗുരുതരം

ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരില്ലാതെ വലയുന്ന അയര്‍ലണ്ടിലെ ആശുപത്രികളില്‍ ഓഗസ്റ്റ് മാസത്തില്‍ ചികിത്സയ്ക്ക് ബെഡ്ഡ് ലഭിക്കാതിരുന്നവര്‍ 7,800-ലധികം പേരെന്ന് Irish Nurses and Midwives Organisation (INMO). വിവിധ ആശുപത്രികളിലായി ട്രോളികളിലും മറ്റുമാണ് ഇവര്‍ ചികിത്സ തേടിയത്.

ഈ മാസം ഏറ്റവുമധികം പേര്‍ ബെഡ്ഡില്ലാതെ ചികിത്സ തേടിയത് University Hospital Limerick-ലാണ്- 1,215. 847 രോഗികളുമായി Cork University Hospital-ഉം, 748 പേരുമായി University Hospital Galway-മാണ് ഇക്കാര്യത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ഓഗസ്റ്റ് മാസത്തില്‍ Sligo University Hospital-ല്‍ 663 രോഗികളെയും, ഡബ്ലിനിലെ St Vincent’s University Hospital-ല്‍ 536 രോഗികളെയും ട്രോളികളില്‍ കിടത്തി പരിശോധിക്കേണ്ടി വന്നിട്ടുണ്ട്.

2023 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഇത്തവണ ട്രോളികളില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തില്‍ രാജ്യവ്യാപകമായി കുറവ് വന്നിട്ടുണ്ടെങ്കിലും ചില ആശുപത്രികളില്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതായി INMO പറയുന്നു. Our Lady of Lourdes Hospital, Drogheda (2023 ഓഗസ്റ്റില്‍ ബെഡ്ഡ് ലഭിക്കാതെ 147 രോഗികള്‍, ഈ ഓഗസ്റ്റില്‍ 285 രോഗികള്‍), Mid-Western Regional Hospital, Ennis (2023 ഓഗസ്റ്റില്‍ ബെഡ്ഡ് ലഭിക്കാതെ 28 രോഗികള്‍, ഈ ഓഗസ്റ്റില്‍ 151 രോഗികള്‍), Beaumont Hospital, Dublin (2023 ഓഗസ്റ്റില്‍ ബെഡ്ഡ് ലഭിക്കാതെ 20 രോഗികള്‍, ഈ ഓഗസ്റ്റില്‍ 257 രോഗികള്‍) എന്നിവ ഇതില്‍ പെടുന്നു.

ആശുപത്രികളിലെ സ്ഥിതി വഷളായി തുടരുന്ന സാഹചര്യത്തില്‍ HSE-യുടെ ടാസ്‌ക് ഫോഴ്‌സ് അടിയന്തരയോഗം ചേരണമെന്നും, തണുപ്പുകാലത്ത് സ്ഥിതി കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും INMO വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: