ഇന്ത്യൻ എംബസ്സിയും മെക്സിക്കൻ എംബസ്സിയും സംയുക്തമായി സംഘടിപ്പിച്ച “Authors Meet”ൽ പതിനഞ്ചോളം, ഐറിഷ്, ഇന്ത്യൻ, മെക്സിക്കൻ സാഹിത്യ മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തു. തങ്ങളുടെ പുസ്തകങ്ങൾ മറ്റ് എഴുത്തുകാർക്ക് പരിചയപ്പെടുത്താനുള്ള അവസരം ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയും, അദ്ദേഹത്തിന്റെ പത്നി രീതി മിശ്രയും സന്നിഹിതരായ വേദിയിൽ ഒരുങ്ങിയിരുന്നു. മെക്സിക്കൻ എംബസിയിൽ നിന്നുള്ള പ്രതിനിധിയും സജീവ സാന്നിദ്ധ്യം അറിയിച്ചു. അയർലണ്ടിലെ, ഇന്ത്യൻ എംബസിയിൽ വച്ചായിരുന്നു ചടങ്ങ്.
ചടങ്ങിൽ തന്റെ “പുതുമൊഴി “ എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ദിവ്യ ജോൺ ജോസ് സംസാരിച്ചു. മലയാളത്തിലെ ഇരുപത്തിമൂന്നോളം നവയുഗ എഴുത്തുകാരുടെ പുസ്തങ്ങൾ പരിചയപ്പെടുത്തുകയും, അവരുമായുള്ള അഭിമുഖ സംഭാഷണങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുമുള്ള പുതുമൊഴി, കഴിഞ്ഞ വർഷം ബുക് പ്ലസ്സ് വഴിയാണ് പുറത്തിറങ്ങിയത്. പുസ്തകത്തിൻ്റെ കോപ്പികൾ എംബസ്സിയുടെ വായനശാലയ്ക്ക് കൈമാറുകയും ചെയ്തു. അതിരുകൾക്കപ്പുറം സാഹിത്യത്തിന് എന്ത് ചെയ്യാനാകും എന്ന ചർച്ചയും നടന്നു.
മലയാള പുസ്തകങ്ങളും മറ്റ് ഇന്ത്യൻ ഭാഷാ പുസ്തകങ്ങളും ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യപ്പെടുന്നത്, കൂടുതൽ വായനക്കാർ നമ്മുടെ എഴുത്തുകാരെ അവരുടെ എഴുത്തുകളെ ജനപ്രിയമാക്കുമെന്നതിൽ ആർക്കും സംശയമില്ലായിരുന്നു.
മൂന്നു രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരും, കഴിഞ്ഞ ദിവസം മെക്സിക്കൻ എംബസിയിൽ വച്ച് നടന്ന പെയിൻ്റിങ്ങ് എക്സിബിഷനിലെ കലാകാരും അവരുടെ ചിത്രങ്ങളുമായി സന്നിഹിതരായത് വേദിയെ കൂടുതൽ പ്രൗഢമാക്കി.
കേരളത്തിൽ നിന്നുൾപ്പെടെ, നിരവധി ഇന്ത്യൻ എഴുത്തുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.