അഡ്വ. ജിതിൻ റാം
അയര്‍ലണ്ടില്‍ സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ നല്‍കേണ്ട Capital Acquisitions Tax (CAT)-ല്‍ നിന്നും ഇളവ് ലഭിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.
ഒന്നാം ഭാഗം വായിക്കാനായി: https://www.rosemalayalam.com/20240821173720/133205/
സെക്യൂരിറ്റികളിന്മേല്‍ ഉള്ള ടാക്‌സ് ഇളവ്
Section 81 CATCA 2003 പ്രകാരം ചിലയിനം സെക്യൂരിറ്റികള്‍ അല്ലെങ്കില്‍ യൂണിറ്റ് ട്രസ്റ്റ് സ്‌കീമുകളിലെ യൂണിറ്റുകള്‍ എന്നിവയുടെ കൈമാറ്റത്തിന് ടാക്‌സ് ഇളവ് ലഭിക്കും. ടാക്‌സില്‍ നിന്നും ഒഴിവാക്കപ്പെട്ട സെക്യൂരിറ്റികള്‍ കൈമാറുമ്പോഴാണ് ഈ ഇളവ് ലഭിക്കുന്നത്. ഇത് സംബന്ധിക്കുന്ന കാര്യങ്ങള്‍ റവന്യൂവിനെ ബോധിപ്പിക്കുകയും വേണം. സമ്മാനമായി നല്‍കുന്നതിന് തൊട്ടുമുമ്പ് തുടര്‍ച്ചയായി 15 വര്‍ഷമെങ്കിലും ഈ സെക്യൂരിറ്റികള്‍ ഉടമയുടെ കൈവശം ഉണ്ടായിരിക്കണം (2003 ഫെബ്രുവരി 24-ന് മുമ്പാണെങ്കില്‍ 6 വര്‍ഷം).
പ്രത്യേകസാഹചര്യങ്ങളില്‍ നല്‍കുന്ന പാരിതോഷികം/നഷ്ടപരിഹാരം
Section 82 CATCA 2003 പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളില്‍ നല്‍കുന്ന പണമോ, പാരിതോഷികമോ, നഷ്ടപരിഹാരമോ ഗിഫ്റ്റ് ടാക്‌സില്‍ നിന്നും ഒഴിവാക്കും. Subsection (1) പ്രകാരമുള്ള ഇളവുകള്‍ താഴെ പറയും പ്രകാരമാണ്:
- അപകടമോ മറ്റോ പറ്റിയാല്‍ ലഭിക്കുന്ന നഷ്ടപരിഹാരം
- ഒരാളുടെ മരണം വഴി ലഭിക്കുന്ന നഷ്ടപരിഹാരം
- Mother and Baby Institutions Payment Scheme Act 2023 പ്രകാരം ഒരാള്‍ക്കോ, മരിച്ചയാളുടെ ബന്ധുക്കള്‍ക്കോ നല്‍കുന്ന ജനറല്‍ പേയ്‌മെന്റ് അല്ലെങ്കില്‍ ജോലി സംബന്ധമായ പേയ്‌മെന്റ്
- ആരോഗ്യപ്രവര്‍ത്തകര്‍ക്ക് Covid-19 Death in Service Scheme പ്രകാരം ലഭിക്കുന്ന ധനസഹായങ്ങള്‍
- bona fide betting, lotteries, raffles മറ്റ് ഗെയിമുകള്‍ എന്നിവ വഴി ലഭിക്കുന്ന പണം/സമ്മാനം
- Debt Relief Notice പ്രകാരം ഒഴിവാക്കപ്പെടുന്ന കടം, Debt Settlement Arrangement പ്രകാരം കടത്തില്‍ വരുത്തുന്ന കുറവ്, Personal Insolvency Arrangement വഴി ലഭിക്കുന്ന തുക എന്നിവ
പണം, പണത്തിനൊത്ത സഹായം, വിദ്യാഭ്യാസസഹായം എന്നിവ
Section 82 CATCA 2003 Subsection (2)(a) പ്രകാരം ഒരാള്‍ ജീവിച്ചിരിക്കെ നല്‍കുന്ന പണം, പണത്തിനൊത്ത സഹായം, വിദ്യാഭ്യാസസഹായം എന്നിവ, താഴെ പറയുന്ന ആളുകള്‍ക്ക് നല്‍കുകയാണെങ്കില്‍ ടാക്‌സ് നല്‍കേണ്ടതില്ല:
- പണം/സഹായം സ്വീകരിക്കുന്നത് അത് നല്‍കുന്നയാളിന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോ, അയാളുടെ സിവില്‍ പാര്‍ട്ട്ണറുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോ ആണെങ്കില്‍
- പണം/സഹായം സ്വീകരിക്കുന്നത് അത് നല്‍കുന്നയാളിന്റെ 18 വയസിന് മേല്‍ പ്രായമുള്ള വ്യക്തിയോ, അയാളുടെ സിവില്‍ പാര്‍ട്ട്ണറുടെ 18 വയസിന് മേല്‍ പ്രായമുള്ള വ്യക്തിയോ ആണെങ്കിലും ടാക്‌സ് ഇളവ് ലഭിക്കും. എന്നാല്‍ ഈ വ്യക്തികള്‍ക്ക് 25 വയസ് കഴിയരുത്. ഒപ്പം സഹായം സ്വീകരിക്കുമ്പോള്‍ ഇദ്ദേഹം ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസസ്ഥാപനത്തിലെ മുഴുവന്‍സമയ വിദ്യാര്‍ത്ഥി ആയിരിക്കുകയും വേണം.
- പണം/സഹായം നല്‍കുന്ന വ്യക്തിയുടെ മകന്‍/മകള്‍ സ്ഥിരമായി ശാരീരികമോ, മാനസികമോ ആയി ഭിന്നശേഷി ഉള്ളവരാണെങ്കില്‍ ടാക്‌സ് നല്‍കേണ്ടില്ല.
- പണം നല്‍കുന്നയാള്‍ പണം സ്വീകരിക്കുന്നയാളുമായി രക്ഷാകര്‍തൃബന്ധത്തില്‍ (loco parentis) ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ നല്‍കുന്ന പണത്തിന്/സഹായത്തിന് ടാക്‌സ് ഇളവ് ലഭിക്കും.
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.revenue.ie/en/gains-gifts-and-inheritance/documents/cat-treatment-receipts-children.pdf
പണം/സഹായം നല്‍കുന്ന വ്യക്തി, അയാളുടെ സിവില്‍ പാര്‍ട്ട്ണര്‍ എന്നിവര്‍ മരണപ്പെട്ടാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ Subsection (4) പ്രകാരം ടാക്‌സില്‍ നിന്നും ഒഴിവാക്കുന്നതാണ്. കുട്ടിയുടെ ജീവിതച്ചെലവ്, മെയിന്റനന്‍സ്, വിദ്യാഭ്യാസം എന്നിവയ്ക്ക് ലഭിക്കുന്ന സഹായത്തുകയാണ് ടാക്‌സില്‍ നിന്നും ഇളവ് ചെയ്യുക.
അതുപോലെ പണം/സഹായം നല്‍കുന്നയാളിന്റെ ആശ്രിതരായ ബന്ധുക്കള്‍ക്കും Subsection (2)(b) 66 TCA 1997 പ്രകാരം ടാക്‌സ് ഇളവുകള്‍ ലഭിക്കും.
പണം/സഹായം നല്‍കുന്നയാള്‍ക്ക് അത് തന്റെ സ്വാഭാവികമായി ചെലവുകളില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ സാധിക്കുക, സാമ്പത്തികശേഷിക്ക് അനുസൃതമായിരിക്കുക എന്നീ നിബന്ധനകളും പാലിക്കേണ്ടതുണ്ട്.
ട്രസ്റ്റുകൾ വഴി ലഭിക്കുന്ന സഹായം
സ്ഥിരമായി ഭിന്നശേഷിയുള്ള ഒരു വ്യക്തിക്ക് ട്രസ്റ്റുകള്‍ വഴി ലഭിക്കുന്ന സഹായങ്ങള്‍ക്ക് Subsection (3) പ്രകാരം ടാക്‌സ് ഇളവ് ലഭിക്കും. 189A TCA 1997 പ്രകാരം നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള ട്രസ്റ്റ് ആകണം ഇത്.
വീടുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇളവുകള്‍
CATCA 2003-യുടെ Section 86 പ്രകാരം ചില വീടുകളോ, കെട്ടിടങ്ങളോ സമ്മാനം/ പാരമ്പര്യസ്വത്ത് ആയി കൈമാറുമ്പോള്‍ Capital Acquisition Tax-ല്‍ നിന്നും ഒഴിവാക്കുന്നതാണ്. അതിന് താഴെ പറയുന്ന എല്ലാ നിബന്ധനകളും അംഗീകരിക്കണം:
1) കെട്ടിടം നല്‍കുന്ന വ്യക്തിയുടെ മരണസമയത്ത് അയാള്‍ താമസിക്കുന്ന പ്രധാന വീട് ആയിരിക്കണം അത്.
2) കെട്ടിടം ലഭിക്കുന്നയാള്‍, വീട് കൈമാറ്റത്തിന്റെ തൊട്ടുമുമ്പുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഈ വീട്ടിലെ അന്തേവാസി ആയിരിക്കണം.
3) വീട് ലഭിക്കുന്ന വ്യക്തിക്ക്, പ്രസ്തുത വീട് ലഭിക്കുന്ന സമയത്ത് മറ്റ് വീടുകള്‍ ഇത്തരത്തില്‍ കൈമാറി ലഭിക്കരുത്.
4) വീട് ലഭിക്കുന്ന തീയതി മുതല്‍ ആറ് വര്‍ഷമെങ്കിലും ലഭിക്കുന്ന വ്യക്തി ഈ വീട്ടില്‍ താമസിക്കണം.
വീട് നല്‍കുന്ന വ്യക്തിയുടെ ആശ്രിതരായ ബന്ധുക്കള്‍ക്കും ഇത്തരത്തില്‍ ടാക്‌സ് ഇളവ് ലഭിക്കുന്നതാണ്. ആശ്രിതനായ വ്യക്തി ശാരീരകമായോ, മാനസികമായോ ഭിന്നശേഷിയുള്ളവര്‍ ആകുകയോ, 65 വയസിന് മേല്‍ പ്രായമുള്ളവര്‍ ആകുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്. ഈ വീട് ആശ്രിതരുടെ പ്രധാന വാസസ്ഥലം ആകണമെന്ന നിര്‍ബന്ധവും ഇല്ല.
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.revenue.ie/en/tax-professionals/tdm/capital-acquisitions-tax/cat-part24.pdf
വിവാഹമോചനം വഴി ലഭിക്കുന്ന പ്രോപ്പര്‍ട്ടി
വിവാഹമോചനം അല്ലെങ്കില്‍ സിവില്‍ പാര്‍ട്ട്ണര്‍ഷിപ്പ് അവസാനിപ്പിക്കുക വഴി ഒരു വ്യക്തിക്ക് ലഭിക്കുന്ന പ്രോപ്പര്‍ട്ടിക്ക് ഗിഫ്റ്റ് ടാക്‌സ് നല്‍കേണ്ടതില്ല. കോടതി ഉത്തരവ് പ്രകാരം ലഭിക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്കാണ് ഈ ഇളവ് ബാധകം.
ഒരുമിച്ച് താമസിക്കുന്നവര്‍ പരസ്പരം നല്‍കുന്ന സമ്മാനങ്ങള്‍
Civil Partnership and Certain Rights and Obligations of
Cohabitants Act 2010 പ്രകാരം ഒരുമിച്ച് താമസിക്കുന്നവര്‍ പരസ്പരം സമ്മാനങ്ങള്‍/സ്വത്തുകള്‍ കൈമാറുമ്പോള്‍ അതിന് ടാക്‌സ് നല്‍കേണ്ടതില്ല.
ലേഖകൻ:
Adv. Jithin Ram
Mob: 089 211 3987
J T Solicitors