യൂറോപ്യന്‍ യൂണിയനിലെ എയര്‍പോര്‍ട്ടുകളില്‍ യാത്രയ്ക്കിടെ ദ്രാവകങ്ങള്‍ (liquids) കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ള നിയമമാറ്റങ്ങളുടെ ഭാഗമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടിലും മാറ്റങ്ങള്‍ വരുന്നു. ഞായറാഴ്ച മുതല്‍ (സെപ്റ്റംബര്‍ 1) നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച മുതല്‍ ടെര്‍മിനല്‍ 1 വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ലഗേജിനൊപ്പം കൊണ്ടുപോകാവുന്ന ദ്രാവകങ്ങളുടെ അളവ് ഓരോ കുപ്പിയിലും പരമാവധി 100 മില്ലി ലിറ്റര്‍ ആണ്. 20cm x 20cm അളവിലുള്ള സുതാര്യമായ ഒരു ലിറ്ററിന്റെ ബാഗില്‍ വേണം ഇവ സൂക്ഷിക്കാന്‍. ഒരു യാത്രക്കാരന് ഇത്തരം ഒരു ബാഗ് മാത്രമേ പാടുള്ളൂ. ടെര്‍മിനല്‍ 1-ല്‍ പുതിയ C3 സ്‌കാനിങ് സംവിധാനം പൂര്‍ണ്ണമായും സ്ഥാപിക്കാന്‍ കഴിയാത്തതിനാലാണ് ഒരു ബാഗ് മാത്രമേ പാടുള്ളൂ എന്ന നിയന്ത്രണം.
ഇതിന് പുറമെ ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍ മുതലായ വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സെക്യൂരിറ്റി ട്രേയില്‍ വച്ച് സ്‌കാന്‍ ചെയ്യണം.
അതേസമയം ടെര്‍മിനല്‍ 2-വിലും ദ്രാവകങ്ങള്‍ക്ക് 100 മില്ലി എന്ന നിയന്ത്രണം ഉണ്ടെങ്കിലും, യാത്രക്കാര്‍ക്ക് ഇത്തരം എത്ര ബാഗുകള്‍ വേണമെങ്കിലും കൊണ്ടുപോകാം. അതായത് പരമാവധി 100 മില്ലി അളവ് ദ്രാവകം അടങ്ങിയ എത്ര കുപ്പികള്‍ വേണമെങ്കിലും ഹാന്‍ഡ് ലഗേജിനൊപ്പം കൊണ്ടുപോകാം. എല്ലാ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും സെക്യൂരിറ്റി ചെക്കിങ് സമയത്ത് ബാഗിനുള്ളില്‍ തന്നെ സൂക്ഷിക്കുകയും ചെയ്യാം. ഇവിടെ C3 സ്‌കാനിങ് സംവിധാനം പൂര്‍ണ്ണമായും സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ നടപടി ഇയുവിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ബാധകമാണ്.