അയർലണ്ടിൽ അദ്ധ്യാപകർക്ക് അനുഭവപ്പെടുന്ന ദൗർലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ഡബ്ലിനിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് പ്രത്യേക അലവൻസ് നൽകാൻ സാധ്യത. ഈ അദ്ധ്യയന വർഷം പല സ്‌കൂളുകളിലും അദ്ധ്യാപകരുടെ വലിയ കുറവ് അനുഭവപ്പെടും എന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പ്രശ്നം പരിഹരിക്കാൻ എല്ലാ വഴികളും തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി വ്യക്തമാക്കിയത്.
ഉടനടി പുതിയ അദ്ധ്യാപകരെ നിയമിക്കാൻ നടപടിയെടുക്കണമെന്ന് The Irish National Teachers’ Organisation (INTO)-നും ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തിന് അദ്ധ്യാപകർ ഇല്ലാത്തത് കാരണം ചില വിഷയങ്ങൾ സിലബസിൽ നിന്ന് ഒഴിവാക്കാനോ, കുട്ടികളെ മറ്റ് സ്‌കൂളുകളിലേയ്ക്ക് അയക്കാനോ അധികൃതർ നിർബന്ധിതരാകുന്ന സ്ഥിതിവിശേഷവും ഉണ്ട്.
ഇതിനിടെയാണ് ഡബ്ലിൻ നഗരത്തിൽ ജോലി ചെയ്യാൻ അദ്ധ്യാപകർ മടിക്കുന്നതിന് ഉയർന്ന വീട്ടു വാടക, ആവശ്യത്തിന് വീടുകൾ ലഭിക്കാത്ത അവസ്ഥ എന്നിവ കാരണമാകുന്നതായി ചൂണ്ടിക്കാട്ടപ്പെട്ടത്. ഇത് പരിഹരിക്കാനായി ഇവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് പ്രത്യേക അലവൻസ് നൽകുമോ എന്ന ചോദ്യത്തിനാണ് സാധ്യമായ എല്ലാ വഴികളും തേടും എന്ന് മന്ത്രി മറുപടി നൽകിയത്. ജീവിത ചെലവ്, വാടക എന്നിവ നിയന്ത്രിക്കാൻ എടുത്തത് പോലുള്ള നടപടികൾ ഇക്കാര്യത്തിലും സർക്കാർ എടുത്തേക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അയർലണ്ടിലെ സ്‌കൂളുകളിൽ നിലവിൽ 74,000 അദ്ധ്യാപകർ ജോലി ചെയ്യുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ല എന്നാണ് റിപ്പോർട്ട്.