ഡബ്ലിനിലെ ആശുപത്രിയില്‍ ചികിത്സ നല്‍കിയില്ലെന്ന പരാതിയുമായി ട്രാന്‍സ് യുവതി. ഓഗസ്റ്റ് 16-ന് ഡബ്ലിനിലെ St James’s Hospital-ല്‍ എത്തിയ തനിക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് 26-കാരിയായ Paige Behan ആരോപിക്കുന്നത്. കഴിഞ്ഞ മാസം ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വച്ചാണ് ഇവര്‍ക്ക് ലിഗംമാറ്റ ശസ്ത്രക്രിയ നടത്തിയത്.
ബുധനാഴ്ച ശാരീരികമായ അസ്വസ്ഥതകളും, ഇന്‍ഫെക്ഷനും ഉണ്ടായതിനെത്തുടര്‍ന്ന് St James’s Hospital-ല്‍ എത്തിയ Paige-യെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചെങ്കിലും മതിയായ ടെസ്റ്റുകളൊന്നും ചെയ്യാതെ ഗൈനക്കോളജി, പ്ലാസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് വിടുകയായിരുന്നു. എന്നാല്‍ അവര്‍ തന്നെ ചികിത്സിച്ചില്ലെന്ന് Paige പറയുന്നു. പിന്നീട് യൂറോളജിയിലേയ്ക്ക് റഫര്‍ ചെയ്‌തെങ്കിലും, പരിശോധയ്ക്ക് ശേഷം യൂറോളജി പ്രശ്‌നമല്ലെന്ന് അവര്‍ വ്യക്തമാക്കി. രണ്ടാമതും പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് വിട്ടെങ്കിലും, അവിടെയുള്ള ഡോക്ടര്‍മാര്‍ വീണ്ടും Paige-യെ കാണാന്‍ വിസമ്മതിക്കുകയായിരുന്നു.
ഡബ്ലിന്‍ 2-വിലെ Holles Street Maternity Hospital-ല്‍ ‘neo-vaginal’ സംബന്ധമായ അസുഖങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്നാണ് St Jame’s അധികൃതര്‍ തന്നോട് പറഞ്ഞതെന്നും, എന്നാല്‍ Holles Street Maternity Hospital-മായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരം രോഗികളെ അവര്‍ ഒരിക്കലും ചികിത്സിച്ചിട്ടില്ല എന്നാണ് അവര്‍ പ്രതികരിച്ചതെന്നും Paige പറയുന്നു. മാത്രമല്ല St Jame’s-ല്‍ നിന്നും ആംബുലന്‍സ് നല്‍കാത്തതിനാല്‍ താന്‍ ടാക്‌സി വിളിച്ചാണ് പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Holles Street Maternity Hospital-ല്‍ എത്തിയപ്പോഴേയ്ക്കും Paige രക്തം വാര്‍ന്ന നിലയിലായിരുന്നു. ഇവരെ പിന്നീട് Beaumont Hospital-ല്‍ എത്തിച്ച് ചികിത്സ നല്‍കി.
HSE തന്നെ സര്‍ജറിക്കായി അയച്ചത് ജര്‍മ്മനിയിലേയ്ക്കാണെന്നും, അതിന് ശേഷം സ്വരാജ്യത്ത് തിരികെ വന്ന് അസുഖം പിടിപെട്ടപ്പോള്‍ ഇവിടെയുള്ളവര്‍ തന്നെ ചികിത്സിക്കുന്നില്ല എന്നത് വേദനാജനകമാണെന്നും Paige പറയുന്നു. അവര്‍ക്ക് എത്തരത്തിലാണ് ചികിത്സ നല്‍കേണ്ടത് എന്ന് അറിയാത്ത സ്ഥിതിയാണെന്നും Paige പറയുന്നു.
അതേസമയം സംഭവത്തില്‍ ഒന്നും പറയാനില്ലെന്നും, പരാതിയുണ്ടെങ്കില്‍ രോഗിക്ക് തങ്ങളെ ഫോണിലോ, ഇമെയിലിലോ, കത്തയച്ചോ ബന്ധപ്പെടാമെന്നും St Jame’s Hospital അധികൃതര്‍ പ്രതികരിച്ചു.