ഡബ്ലിൻ എയർപോർട്ടിൽ നിന്നും കൗണ്ടി ടിപ്പററിയിലേയ്ക്ക് യാത്ര ചെയ്ത ഒരു ബസിലെ ആളുകൾക്ക് മീസിൽസ് ബാധിച്ചേക്കാമെന്ന് HSE മുന്നറിയിപ്പ്. ഇറ്റലിയിലെ നേപ്പിൾസിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനിൽ ഇറങ്ങിയ ഒരു യാത്രക്കാരന് മീസിൽസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം പിന്നീട് പ്രസ്തുത ബസിൽ യാത്ര ചെയ്യുകയും ചെയ്തു.
ഡബ്ലിൻ എയർപോർട്ടിൽ നിന്നും Clonmel-ലേക്ക് പോയ JJ Kavanagh, number 717 എന്ന ബസിൽ ആണ് ഇദ്ദേഹം യാത്ര ചെയ്തത്. ശനിയാഴ്ച വൈകിട്ട് 4 മണിക്കാണ് ബസ് യാത്ര തിരിച്ചത്. ഈ ബസിൽ യാത്ര ചെയ്ത മറ്റുള്ളവർ രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ വൈദ്യസഹായം തേടുക.
ശനിയാഴ്ച രാവിലെ 11.40-ന് നേപ്പിൾസിൽ നിന്നും ഡബ്ലിൻ എയർപോർട്ടിൽ എത്തിയ Aer Lingus EI-451വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കും മുന്നറിയിപ്പ് ബാധകമാണ്.
ഗർഭിണികൾ, 12 മാസത്തിനു താഴെ പ്രായമുള്ള കുട്ടികൾ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ എന്നിവർ, രോഗലക്ഷണം ഇല്ലെങ്കിലും ഡോക്ടറെ സന്ദർശിച്ച് ആവശ്യമായ ഉപദേശം തേടുക. ഡോക്ടറെ കാണുന്നതിന് മുൻപായി ഡോക്ടർക്ക് സുരക്ഷാ തയ്യാറെടുപ്പ് നടത്താനായി, നേരത്തെ ഫോൺ വിളിച്ച് കാര്യം പറയുകയും വേണം.