അയർലണ്ടുകാരുടെ കീശ കാലിയാക്കി നിക്ഷേപ തട്ടിപ്പുകാർ; നഷ്ടമായത് 28 മില്യൺ യൂറോ

അയർലണ്ടിൽ കഴിഞ്ഞ വർഷം നിക്ഷേപ തട്ടിപ്പുകൾ വഴി ജനങ്ങൾക്ക് നഷ്ടമായത് 28 മില്യൺ യൂറോ എന്ന് ഗാർഡ. നിക്ഷേപ തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് സംഭവിച്ചിരിക്കുന്നത് എന്നും, 2021, 2022 വർഷങ്ങളിലെ തട്ടിപ്പുകൾ വഴി നഷ്ടമായ ആകെ തുകയേക്കാൾ അധികമാണ് 2023-ൽ മാത്രമായി തട്ടിപ്പുകാർ സ്വന്തമാക്കിയതെന്നും ഗാർഡ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

2020 ജനുവരി മുതൽ ഇതുവരെ 75 മില്യൺ യൂറോ ആണ് നിക്ഷേപ തട്ടിപ്പുകൾ വഴി അയർലണ്ടുകാർക്ക് നഷ്ടമായിരിക്കുന്നത്. ഈ കാലയളവിൽ 1,117 പേരാണ് തട്ടിപ്പിന് ഇരയായത്. ഇതിൽ 44% പേരും ബിറ്റ്കോയിൻ, ക്രിപ്റ്റോ തട്ടിപ്പുകളിലാണ് പെട്ടത്. ഈ വർഷം ഇതുവരെയുള്ള നഷ്ടം 13.5 മില്യൺ ആണ്.

ഇല്ലാത്ത നിക്ഷേപ പദ്ധതികളിൽ ആളുകളെ കൊണ്ട് പണം നിക്ഷേപിപ്പിച്ച് വലിയ ലാഭം വാഗ്ദാനം ചെയ്യുന്നതിനെയാണ് നിക്ഷേപ തട്ടിപ്പ് എന്ന് പറയുന്നത്. നിക്ഷേപങ്ങൾക്ക് വലിയ റിട്ടേൺ നൽകുന്നു എന്ന് വാഗ്ദാനം നൽകുന്നവരെ സൂക്ഷിക്കണം എന്നും ഗാർഡ മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ രാജ്യത്ത് ജീവിതച്ചെലവ് വളരെ വർദ്ധിച്ചിരിക്കുന്നതിനാൽ ആളുകൾ പണത്തിനു വേണ്ടി ബുദ്ധിമുട്ടുന്നുണ്ട്. ഇത് മുതലെടുത്താണ് വെബ്സൈറ്റുകൾ വഴിയും, സോഷ്യൽ മീഡിയ വഴിയും വൻ തുക ലാഭം തരുന്ന നിക്ഷേപം നടത്താൻ തട്ടിപ്പുകാർ പരസ്യം ചെയ്യുന്നത്. ആദ്യം വലിയ ലാഭം തരികയും, പിന്നീട് നമ്മൾ കൂടുതൽ തുക നിക്ഷേപിക്കുമ്പോൾ അതുമായി മുങ്ങുകയും ചെയ്യുന്ന സംഭവങ്ങൾ പതിവാണ്.

തട്ടിപ്പിൽ പെടാതിരിക്കാൻ എന്ത് ചെയ്യണം?

ഏതെങ്കിലും പദ്ധതിയിൽ പണം നിക്ഷേപിക്കുന്നതിനു മുമ്പായി അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ നിന്നോ, വക്കീലന്മാരിൽ നിന്നോ മതിയായ ഉപദേശം തേടുകയാണ് തട്ടിപ്പിൽ പെടാതിരിക്കാനുള്ള ഒരു മാർഗം. പണം നിക്ഷേപിക്കുന്ന സ്ഥാപനം വിശ്വാസ്യത ഉള്ളതാണോ എന്ന് Central Bank of Ireland-ന്റെ വെബ്സൈറ്റ് നോക്കി മനസിലാക്കാം. നിക്ഷേപവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പരസ്യങ്ങൾ, അങ്ങോട്ട് അന്വേഷിക്കാതെ വരുന്ന ഫോൺ കോളുകൾ എന്നിവയോട് പ്രതികരിക്കുകയും ചെയ്യരുത്.

Share this news

Leave a Reply

%d bloggers like this: