അയര്‍ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി. രക്ഷിതാക്കള്‍ക്കായി കുട്ടിക്കാലം ‘സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീ’ ആയിരിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെക്കന്‍ഡറി സ്‌കൂളുകളിലെ മൊബൈല്‍ നിരോധനത്തിന് മന്ത്രി തയ്യാറെടുക്കുന്നത്.
ഇതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ കമ്പനികളുമായും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായും ചര്‍ച്ച നടത്തിയതായി മന്ത്രി ഫോളി പറഞ്ഞു. യുഎന്നിന്റെ അടക്കം പഠനങ്ങള്‍ പ്രകാരം മൊബൈല്‍ ഫോണുകള്‍ കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കുന്നുവെന്ന് വ്യക്തിമായിട്ടുണ്ട്. സൈബര്‍ ബുള്ളിയിങ് അടക്കമുള്ളവയ്ക്ക് മൊബൈല്‍ കാരണമാകുന്നുണ്ട്. കുട്ടികള്‍ പരസ്പരം നേരിട്ട് സംസാരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും, മൊബൈല്‍ കൈയിലുള്ളപ്പോള്‍ ഇത് സാധ്യമാകാതെ വരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കുട്ടികള്‍ ക്ലാസ് സമയത്ത് ഫോണ്‍ ഉപയോഗിച്ചില്ലെങ്കിലും ബാഗില്‍ സൂക്ഷിക്കുകയും, അവ ബെല്‍ അടിക്കുന്നത് കാരണം ക്ലാസ് തടസ്സപ്പെടുകയും ചെയ്യുന്നതായി പ്രിന്‍സിപ്പല്‍മാരുമായി സംസാരിച്ചതില്‍ നിന്നും മനസിലായതായും മന്ത്രി ഫോളി പറഞ്ഞു. ഇക്കാരണങ്ങളാലാണ് സ്‌കൂളുകളില്‍ മൊബൈല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.