അയർലണ്ടിൽ സമ്മാനങ്ങൾ ലഭിക്കുമ്പോൾ നൽകേണ്ട Capital Acquisitions Tax-ൽ നിന്നും ഇളവ് ലഭിക്കുന്നത് എങ്ങനെ?

അഡ്വ. ജിതിൻ റാം

അയര്‍ലണ്ടില്‍ നമുക്ക് ലഭിക്കുന്ന സമ്മാനത്തിന്- വീടോ, സ്വര്‍ണ്ണമോ, പണമോ മറ്റ് സമ്മാനങ്ങളോ- നല്‍കേണ്ടിവരുന്ന ടാക്‌സിനെയാണ് Capital Acquisitions Tax (CAT) എന്ന് പറയുന്നത്. ഇത്തരത്തില്‍ ഒരു ബന്ധുവോ, സുഹൃത്തോ ഇഷ്ടദാനമായി വീടോ, സ്ഥലമോ തരിക, മറ്റ് സമ്മാനങ്ങള്‍ തരിക മുതലായ സാഹചര്യങ്ങളില്‍ സര്‍ക്കാരിന് അതിന്മേല്‍ നികുതി അഥവാ ടാക്‌സ് നല്‍കാന്‍ നാം ബാധ്യസ്ഥരാണ്. അതേസമയം Capital Acquisitions Tax Consolidation Act (CATCA) 2003 പ്രകാരം വിവിധ സാഹചര്യങ്ങളില്‍ ഈ ടാക്‌സ് ഇളവ് ചെയ്ത് ലഭിക്കുന്നതുമാണ്. സമ്മാനം നല്‍കുന്നയാളും നിങ്ങളും ആയുള്ള ബന്ധം, സമ്മാനത്തിന്റെ മൂല്യം എന്നിവയെയെല്ലാം ആശ്രയിച്ചാണിത്. അത്തരത്തില്‍ ഇളവ് ലഭിക്കുന്നത് എപ്പോഴെല്ലാം എന്നാണ് ഈ ലേഖനം വിശദീകരിക്കുന്നത്.

ചെറിയ സമ്മാനങ്ങള്‍ക്ക് (small gifts) ഉള്ള ടാക്‌സ് ഇളവുകള്‍

ഒരു കലണ്ടര്‍ ഇയറില്‍ ലഭിക്കുന്ന സമ്മാനങ്ങളുടെ ആകെ മൂല്യം 3,000 യൂറോ വരെയാണെങ്കില്‍ അതിന് ടാക്‌സ് നല്‍കേണ്ടതില്ല. അതേസമയം ഈ സമ്മാനം പാരമ്പര്യ സ്വത്തായി ലഭിക്കുന്നതാകരുത്.

ഭാര്യ/ഭര്‍ത്താവിന്, സിവില്‍ പാര്‍ട്ട്ണര്‍മാര്‍ക്കും ഉള്ള ടാക്‌സ് ഇളവ്

നിങ്ങള്‍ സമ്മാനം നല്‍കുന്നത് ഭാര്യയ്‌ക്കോ, ഭര്‍ത്താവിനോ, Civil Partnership Act 2010 പ്രകാരമുള്ള സിവില്‍ പാര്‍ട്ട്ണര്‍ക്കോ ആണെങ്കില്‍, ആ സമ്മാനത്തിന്റെ മൂല്യം എത്ര തന്നെയായാലും ടാക്‌സില്‍ നിന്നും ഒഴിവായിക്കിട്ടും.

ഇന്‍വെസ്റ്റ്‌മെന്റ് കൈമാറുമ്പോഴുള്ള ടാക്‌സ് ഇളവുകള്‍

Section 75 CATCA 2003 പ്രകാരം പ്രത്യേക ഇന്‍വെസ്റ്റ്‌മെന്റുകള്‍ കൈമാറുമ്പോള്‍ ടാക്‌സ് ഇളവ് ലഭിക്കുന്നതാണ്. Collective investment schemes-ല്‍ ഉള്ള നിക്ഷേപങ്ങള്‍, contractual funds, investment limited partnerships, investment undertakings എന്നിവയാണ് ഇളവുള്ള നിക്ഷേപങ്ങള്‍. ഇവ കൈമാറുന്ന സമയം കൈമാറുന്ന ആളും, സ്വീകരിക്കുന്ന ആളും രാജ്യത്ത് സ്ഥിരതാമസാക്കാര്‍ ആയിരിക്കണമെന്നത് നിര്‍ബന്ധമാണ്.

ചാരിറ്റി, പൊതുധനവിനിയോഗം എന്നിവയ്ക്കുള്ള ടാക്‌സ് ഇളവുകള്‍

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കോ, പൊതുജനോപകാരപ്രദമായ ഏതെങ്കിലും കാര്യങ്ങള്‍ക്കോ ആണ് സമ്മാനമോ, പാരമ്പര്യസ്വത്തോ സ്വീകരിക്കുന്നതെങ്കില്‍ Section 76 CATCA 2003 പ്രകാരം ടാക്‌സ് ഇളവ് ലഭിക്കുന്നതാണ്. ഇക്കാര്യം റവന്യൂവിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തിനകത്തോ, പുറത്തോ ഇത് വിനിയോഗിക്കാവുന്നതാണ്.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ, രാഷ്ട്രീയത്തിലെ വ്യക്തികള്‍ക്കോ ഇത്തരത്തില്‍ നല്‍കുന്ന സമ്മാനത്തിനും, സ്വത്തിനും ടാക്‌സ് ഇളവ് ലഭിക്കുന്നതാണ്. ഇക്കാര്യവും റവന്യൂവിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

പൈതൃകസ്വത്തിനുള്ള ടാക്‌സ് ഇളവ്

വില്‍പ്പനയ്ക്ക് വയ്ക്കാത്ത പക്ഷം പൈതൃകമായി ലഭിക്കുന്ന ചിത്രങ്ങള്‍, പുസ്തകങ്ങള്‍, രചനകള്‍, ആര്‍ട്ട് വര്‍ക്ക്, ആഭരണം, സയന്റിഫിക് കലക്ഷനുകള്‍ മുതലായവയ്ക്ക് ടാക്‌സ് ഇളവ് ലഭിക്കുന്നതാണ്. അതേസമയം ഇവ ദേശീയമായോ, ശാസ്ത്രീയമായോ, ചരിത്രപരമായോ, കലാപരമായോ പ്രാധാന്യം ഉള്ളവയായിരിക്കണം. ഇവ രാജ്യത്തിന് പുറത്തേയ്ക്ക് കൊണ്ടുപോകുകയുമരുത്. ഇവ കാണാനും, വിലയിരുത്താനും പൊതുജനത്തിനോ, പൊതുപ്രതിനിധികള്‍ക്കോ, അസോസിയേഷനുകള്‍ക്കോ അനുവാദം നല്‍കുകയും വേണം.

പൈതൃകമായ വീടുകള്‍, ഗാര്‍ഡനുകള്‍ എന്നിവയും ഇതില്‍ പെടും.

രക്ഷിതാക്കള്‍ക്കുള്ള ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് ഇളവുകള്‍

മകനോ, മകള്‍ക്കോ പാരമ്പര്യസ്വത്ത് നല്‍കിയ ശേഷം, പിന്നീട് അവരുടെ മരണശേഷം അത് രക്ഷിതാക്കള്‍ക്ക് തന്നെ തിരികെ ലഭിക്കുകയാണെങ്കില്‍ രക്ഷിതാക്കളെ ടാക്‌സില്‍ നിന്നും ഒഴിവാക്കുന്നതാണ്. അതേസമയം ആദ്യം ഈ സ്വത്ത് മക്കള്‍ക്ക് നല്‍കുമ്പോള്‍ അവര്‍ അതിന് ടാക്‌സ് നല്‍കിയിട്ടുണ്ടാകണം. സ്വത്ത് ലഭിച്ച മകന്‍/മകള്‍ മരണപ്പെട്ട് അഞ്ച് വര്‍ഷത്തിനുള്ളിലായിരിക്കണം സ്വത്ത് തിരികെ രക്ഷിതാവിന്റെ കൈയിലെത്തേണ്ടത്. സ്വത്തിന് അഞ്ച് വര്‍ഷം മുമ്പുള്ളതിലും മൂല്യം കൂടിയാലും ടാക്‌സ് ഇളവ് ലഭിക്കുന്നതാണ്.

റിട്ടയര്‍മെന്റ് പേയ്‌മെന്റും ടാക്‌സ് ഇളവും

ഒരു ജോലിക്കാരനോ, മുന്‍ ജോലിക്കാരനോ വിരമിക്കുമ്പോള്‍ ലഭിക്കുന്ന പണത്തിന് Section 80 CATCA 2003 പ്രകാരം ടാക്‌സ് നല്‍കേണ്ടതില്ല. ഇത് സമ്മാനം എന്ന രീതിയിലല്ല കണക്കാക്കുന്നത്.

ഇവ കൂടാതെ വേറെയും നിരവധി സാഹചര്യങ്ങളില്‍ Capital Acquisitions Tax ഇളവുകള്‍ ലഭിക്കും. അവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ വായിക്കാം: https://www.rosemalayalam.com/20240830174402/133361/

ലേഖകൻ:

Adv. Jithin Ram

Mob: 089 211 3987

J T Solicitors

Share this news

Leave a Reply

%d bloggers like this: