കൊച്ചി: കേരളത്തിലെ കാല്‍പ്പന്ത് പ്രേമികളെ ആവേശക്കൊടുമുടി കയറ്റാനൊരുങ്ങുന്ന സൂപ്പര്‍ ലീഗ് കേരളയുടെ കിക്കോഫിന് ഇനി ദിവസങ്ങള്‍ മാത്രം. പൃഥ്വിരാജിന് പിന്നാലെ സൂപ്പര്‍ ലീഗ് കേരളയില്‍ ക്ലബ് ഉടമയായി നടന്‍ ആസിഫ് അലിയും രംഗത്തെത്തിയത്തോടെ, ഫുട്‌ബോള്‍ പോരിനൊപ്പം സിനിമാ താരങ്ങളുടെ പോരിനും കൂടി വേദിയാവുകയാണ് സൂപ്പര്‍ ലീഗ്.
സൂപ്പര്‍ ലീഗ് കേരള ടീമായ കണ്ണൂര്‍ വാരിയേഴ്സിന്റെ ഉടമയായാണ് ആസിഫ് അലി എത്തുന്നത്. ക്ലബില്‍ നിക്ഷേപം നടത്തിയതില്‍ സന്തോഷമുണ്ടെന്നും കേരളത്തിന്റെ കായിക മേഖലയ്ക്ക് തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും ആസിഫ് അലി പറഞ്ഞു.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനി ഡയറക്ടര്‍ ഹസന്‍ കുഞ്ഞി, ദോഹയിലെ കാസില്‍ ഗ്രൂപ്പ് എംഡി മൈപ് ജോസ് നെറ്റിക്കാടന്‍, അസറ്റ് ഹോംസ് ഡയറക്ടര്‍ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്സി പ്രൊമോട്ടര്‍ ഷമീം ബക്കര്‍ എന്നിവരാണ് കണ്ണൂര്‍ വാരിയേഴ്സില്‍ ആസിഫ് അലിയുടെ സഹ ഉടമകള്‍.
ഫോഴ്‌സ് കൊച്ചി ടീമിന്റെ ഉടമയാണ് നടന്‍ പ്രിഥ്വിരാജ്. തൃശൂര്‍ ആസ്ഥാനമായ തൃശൂര്‍ മാജിക്ക് എഫ്‌സിയില്‍ പ്രമുഖ സിനിമാ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും നിക്ഷേപമുണ്ട്. സെപ്റ്റംബർ ആദ്യ വാരമാണ് സൂപ്പര്‍ ലീഗ് കേരളയ്ക്ക് തുടക്കമാകുന്നത്.