ഗോള്‍വേയില്‍ സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന പുരോഹിതന് (ചാപ്ലന്‍) കത്തിക്കുത്തില്‍ പരിക്ക്. Fr Paul Murphy എന്ന പുരോഹിതനാണ് Renmore Barracks-ന് പുറത്തുവച്ച് പലവട്ടം കുത്തേറ്റത്. തുടര്‍ന്ന് ബാരക്കിനകത്തേയ്ക്ക് ഓടിയ ഇദ്ദേഹത്തെ അക്രമിയായ കൗമാരക്കാരന്‍ പിന്തുടരുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 10.45-ഓടെയായിരുന്നു സംഭവം.
അക്രമിയെ പിന്തിരിപ്പിക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികന്‍ വെടിയുതിര്‍ത്തതായി പ്രതിരോധസേനാ വക്താവ് പറഞ്ഞു. അക്രമിയെ ഭയപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ പുരോഹിതന് പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം University Hospital Galway-യില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമല്ല.
അതേസമയം കൗമാരക്കാരനായ അക്രമിയെ സൈന്യം പിടികൂടി ഗാര്‍ഡയ്ക്ക് കൈമാറി. ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രിയും പ്രതിരോധവകുപ്പ് മന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍ എന്നിവര്‍ അപലപിച്ചു.