ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ്‌ പടർന്നു പിടിക്കുന്നു; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്സ് (മങ്കി പോക്സ്-കുരങ്ങു പനി) അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കയില്‍ ഈ വര്‍ഷം മാത്രം 17,000 പേര്‍ക്ക് രോഗം ബാധിക്കുകയും 517 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് എംപോക്സ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കോംഗോയിലും സമീപ രാജ്യങ്ങളിലുമാണ് എംപോക്സ് വ്യാപനം ഭീഷണിയാകുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങിയ എംപോക്‌സ് ഇപ്പോള്‍ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കോംഗോയിലാണ് രോഗം കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്. അയല്‍രാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട, ബുറുണ്ടി എന്നിവിടങ്ങളിലേക്കും എംപോക്‌സ് വ്യാപനം അതിതീവ്രമായതോടെയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 13 രാജ്യങ്ങളില്‍ ഇതിനകം എംപോക്സിന്റെ പുതിയ വകഭേദമായ ക്ലെഡ് എല്‍ബി കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ മങ്കിപോക്സ് എന്ന പേരിലായിരുന്നു ഈ വൈറസ് അറിയപ്പെട്ടിരുന്നത്. വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങള്‍ വന്നതോടെ ലോകാരോഗ്യസംഘടന പേരുമാറ്റി എംപോക്സ് എന്നാക്കി.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴിയുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് എം പോക്സ് മനുഷ്യരിലേക്ക് പകരുന്നത്. വിവിധ ഇനം കുരങ്ങുകള്‍, അണ്ണാന്‍, എലികള്‍ എന്നിവയുള്‍പ്പെടെയുള്ള മൃഗങ്ങളില്‍ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

എം പോക്സ് ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

വൈറല്‍ രോഗമായതിനാല്‍ എംപോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്.

എംപോക്സിന്റെ വാക്സിനേഷന്‍ നിലവിലുണ്ട്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
 

Share this news

Leave a Reply

%d bloggers like this: