യൂറോപ്പില്‍ നിയന്ത്രണാതീതമായി ഉയര്‍ന്ന ചൂടില്‍ കഴിഞ്ഞ വര്‍ഷം 47,690 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. Barcelona’s Institute for Global Health നടത്തിയ പഠന റിപ്പോര്‍ട്ട്, Nature Medicine എന്ന ആനുകാലികത്തിലാണ് പ്രസിദ്ധീകരിച്ചത്.
യൂറോപ്പിലെ 35 രാജ്യങ്ങളിലെ ചൂടുമായി ബന്ധപ്പെട്ടുള്ള മരണങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 2023-ല്‍ ഉഷ്ണതരംഗം കാരണം ഇവിടങ്ങളില്‍ 47,690 പേര്‍ മരിച്ചുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷവും, യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ വര്‍ഷവുമായിരുന്നു. 2022-ല്‍ 60,000-ഓളം പേര്‍ക്കാണ് യൂറോപ്പില്‍ കൊടിയ ചൂട് കാരണം ജീവന്‍ നഷ്ടപ്പെട്ടത്.
പ്രായമായ ആളുകളാണ് ചൂട് കാരണം കൂടുതല്‍ പ്രശ്‌നം അനുഭവിക്കുന്നതെന്നും, തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ചൂട് അമിതമായി ഉയരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 ജൂലൈ പകുതി മുതല്‍ ഓഗസ്റ്റ് വരെയുണ്ടായ രണ്ട് ഉഷ്ണതരംഗങ്ങള്‍ക്കിടെയാണ് മരണങ്ങളില്‍ പകുതിയില്‍ അധികവും സംഭവിച്ചിരിക്കുന്നത്. ഈ സമയം തന്നെയാണ് ഗ്രീസില്‍ വമ്പന്‍ കാട്ടുതീ പടര്‍ന്നതും, ഇറ്റലിയിലെ സിസിലിയില്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപനില ഉയര്‍ന്നതും. യഥാര്‍ത്ഥത്തില്‍ മരിച്ചവരുടെ എണ്ണം റിപ്പോര്‍ട്ടിലെ കണക്കുകളെക്കാള്‍ അധികമായേക്കാമെന്നും ഗവേഷകര്‍ പറയുന്നു.
അതേസമയം 21-ആം നൂറ്റാണ്ടില്‍ യൂറോപ്പിലെ സര്‍ക്കാരുകള്‍ ചൂടിനെ നേരിടാനെടുത്ത നടപടികളില്ലായിരുന്നെങ്കില്‍ ഇപ്പോഴുണ്ടായതിനെക്കാള്‍ 80% പേര്‍ അധികമായി മരിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ചൂട് കാലത്തെ അതിജീവിക്കാന്‍ നേരത്തെ എടുത്തതും, ഇപ്പോള്‍ എടുക്കുന്നതുമായ നടപടികള്‍ തുടരണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. വരും കാലങ്ങളില്‍ ചൂട് ഇനിയും വര്‍ദ്ധിച്ചേക്കുമെന്നതിനാല്‍ മരണങ്ങള്‍ തടയാനായി കൂടുതല്‍ ഫലപ്രദമായ നടപടികളും കൈക്കൊള്ളണം.
യുണൈറ്റഡ് നേഷന്‍സ് റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവുമധികം ചൂട് ഉയരുന്ന പ്രദേശം യൂറോപ്പാണ്. നിരവധി ഉഷ്ണതരംഗങ്ങള്‍ക്കും ഈ നൂറ്റാണ്ടില്‍ വന്‍കര സാക്ഷിയായി.