വെക്‌സ്‌ഫോർഡ്: അയർലണ്ടിലെ ഏറ്റവും വലിയ പരമ്പരാഗത സംഗീത, നൃത്ത, കലോത്സവമായ ഫ്ളാ ഫെസ്റ്റിവലിന് തിങ്കളാഴ്ച സമാപനമായി. അയർലണ്ടിലെ ഓപ്പറ ഫെസ്റ്റിവൽ തലസ്ഥാനമായ വെക്‌സ്‌ഫോർഡ് നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ഈ ഉത്സവം, ഓഗസ്റ്റ് 4-ന് ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി. ഹിഗിൻസ് ആണ് ഉദ്ഘാടനം ചെയ്തത്. യൂറോപ്പിൽ നിന്നുള്ള ആയിരക്കണക്കിനു കലാകാരന്മാരും പ്രേക്ഷകരുമാണ് സാംസ്‌കാരിക മേളയുടെ ഭാഗമായത്.
സംഗീത മത്സരങ്ങൾ, നൃത്ത പ്രകടനങ്ങൾ, തെരുവ് കലാപ്രകടനങ്ങൾ, സംഗീതോത്സവങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളാൽ വെക്‌സ്‌ഫോർഡ് നഗരം കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി ഉത്സവ തിമിർപ്പിൽ ആയിരുന്നു. ഈ വർഷത്തെ ഫ്ളാ ഫെസ്റ്റിവലിൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് പിറന്നു എന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്. ഏറ്റവും കൂടുതൽ പേർ ഒന്നിച്ച് ടിൻ വിസിൽ വായിച്ചുകൊണ്ടാണ് ഈ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്.
വെക്‌സ്‌ഫോർഡ് കൗണ്ടിയിലെ നിരവധി മലയാളികൾ ഫ്ലാ ഫെസ്റ്റിവലിൽ സന്നദ്ധ പ്രവർത്തകരായി സജീവ പങ്കാളിത്തം വഹിച്ചു. ഈ ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിലും, സംഘാടനത്തെ സഹായിക്കുന്നതിലുമെല്ലാം മലയാളികൾ നിറസാന്നിധ്യമായിരുന്നു.