Co Down-ൽ മുസ്ലിം പള്ളിക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു; ബെൽഫാസ്റ്റിൽ 15,000 പേർ പങ്കെടുത്ത് വംശീയവിരുദ്ധ റാലി

വടക്കന്‍ അയര്‍ലണ്ടിലെ Co Down-ല്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം. യുകെയിലും, വടക്കന്‍ അയര്‍ലണ്ടിലും ഏതാനും ദിവസങ്ങളായി നടന്നുവരുന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെയാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയാണ് Newtownards-ലെ Greenwell Street-ലുള്ള പള്ളിക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് 42-കാരനായ ഒരാളെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. പള്ളിയുടെ ചുവരില്‍ ഗ്രാഫിറ്റിയും ചെയ്തിരുന്നു.

പള്ളിക്ക് നേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് നിരവധി പേര്‍ കുടിയേറ്റവിരുദ്ധതയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. സൗത്ത് പോര്‍ട്ടില്‍ മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ് ലണ്ടനും, ബെല്‍ഫാസ്റ്റുമടക്കമുള്ള പ്രദേശങ്ങളില്‍ കുടിയേറ്റവിരുദ്ധര്‍ കലാപമാരംഭിച്ചത്. കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ അക്രമി കുടിയേറ്റക്കാരനാണെന്നും, മുസ്ലിം ആണെന്നും ആരോപിച്ചാണ് കുടിയേറ്റവിരുദ്ധ പ്രക്ഷോഭവും, കലാപവും ആരംഭിച്ചത്. അക്രമി ക്രിസ്ത്യന്‍ മതവിശ്വാസികളുടെ മകനാണെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്.

ഇതിനിടെ ശനിയാഴ്ച ബെല്‍ഫാസ്റ്റില്‍ 15,000-ഓളം പേര്‍ പങ്കെടുത്ത വംശീയവിരുദ്ധ റാലിയും നടന്നു. നഗരത്തിലെ Writer’s Square-ല്‍ നിന്നും City Hall-ലേയ്ക്കായിരുന്നു ആളുകള്‍ മാര്‍ച്ച് ചെയ്തത്.

Share this news

Leave a Reply

%d bloggers like this: