പ്രതിഷേധങ്ങൾ ഒടുങ്ങാതെ ബെൽഫാസ്റ്റ്; വടക്കൻ അയർലണ്ട് കലാപങ്ങളിൽ 26 അറസ്റ്റ്

സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഒടുങ്ങുന്നില്ല. കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ അക്രമി കുടിയേറ്റക്കാരനാണെന്നും, മുസ്ലിം ആണെന്നും ആരോപിച്ചാണ് ലണ്ടനും ബെല്‍ഫാസ്റ്റുമടക്കം യുകെയിലെ വിവിധ പ്രദേശങ്ങളില്‍ കുടിയേറ്റവിരുദ്ധ പ്രക്ഷോഭവും, കലാപവും അരങ്ങേറിയത്. അക്രമി ക്രിസ്ത്യന്‍ മതവിശ്വാസികളുടെ മകനാണെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്.

അതേസമയം വെള്ളിയാഴ്ച വൈകുന്നേരം ബെല്‍ഫാസ്റ്റില്‍ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ, കുടിയേറ്റക്കാരെ അനുകൂലിക്കുന്ന 1,000-ഓളം പേരും സംഘടിച്ചെത്തി പ്രതിഷേധിച്ചതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി. Belfast City Hall-ല്‍ നടന്ന ഇരുകൂട്ടരുടെയും പ്രകടനങ്ങളെ വേര്‍തിരിച്ച് നിര്‍ത്തി അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു.

നിയമവിരുദ്ധകുടിയേറ്റം അവസാനിപ്പിക്കാനും, കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനും ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളേന്തിയായിരുന്നു കുടിയേറ്റവിരുദ്ധരുടെ പ്രകടനം. അതേസമയം ഇവര്‍ക്കെതിരായി നടന്ന പ്രതിഷേധ പ്രകടനത്തില്‍ വംശീയതയ്‌ക്കെതിരായ ബാനറുകളും, തൊഴിലാളി സംഘടനകളുടെ പ്ലക്കാര്‍ഡുകളും ഉയര്‍ന്നു. കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന മുദ്രാവാക്യവും പ്രതിഷേധക്കാര്‍ മുഴക്കി. Sinn Fein എംഎല്‍എമാരായ Gerry Kelly, Caral Ni Chuilin എന്നിവര്‍ കുടിയേറ്റ അനുകൂല പ്രകടനത്തില്‍ പങ്കെടുത്തു. വൈകിട്ട് 7.30-ഓടെ കുടിയേറ്റ അനുകൂലികളുടെ പ്രതിഷേധം പിരിഞ്ഞുപോയി.

അതേസമയം വടക്കന്‍ അയര്‍ലണ്ടില്‍ കുടിയേറ്റവിരുദ്ധ കലാപങ്ങളുമായി ബന്ധപ്പെട്ട് 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന ബെല്‍ഫാസ്റ്റ് കലാപവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ അറസ്റ്റുകളും നടന്നിട്ടുള്ളത്. പൊതുക്രമസമാധാനം തകര്‍ക്കുന്നവര്‍ക്ക് ജാമ്യം അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ കോടതി, വെള്ളിയാഴ്ച ഹാജരാക്കിയ നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: