അയർലണ്ടിൽ ഒക്ടോബർ മുതൽ വൈദ്യുതിക്ക് 3.23 യൂറോ അധികതുക; ബിസിനസ് സ്ഥാപങ്ങൾ 12.91 യൂറോ അധികം നൽകണം

അയര്‍ലണ്ടില്‍ ഒക്ടോബര്‍ 1 മുതല്‍ ഓരോ വീട്ടുകാരും വൈദ്യുതിക്ക് 3.23 യൂറോ അധികമായി ലെവി നല്‍കേണ്ടിവരും. പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജം നിര്‍മ്മിക്കുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായാണ് ഈ അധികതുക ഉപയോഗിക്കുക. വര്‍ഷത്തില്‍ ഏകദേശം 40 യൂറോ ഇത്തരത്തില്‍ വൈദ്യുതിക്ക് അധികമായി നല്‍കേണ്ടിവരും.

രാജ്യത്തെ റെന്യൂവബിള്‍ എനര്‍ജി വികസനവുമായി ബന്ധപ്പെട്ട രണ്ട് സര്‍ക്കാര്‍ പദ്ധതികള്‍ക്കായാണ് ഇത്തരത്തില്‍ public service obligation (PSO) വഴി പണം സ്വരൂപിക്കുന്നത്. വീടുകളിലെ വൈദ്യുതി ബില്ലിനൊപ്പം മാസം 3.23 യൂറോ അധികമായി ലെവി ഈടാക്കുമ്പോള്‍, ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും മാസം 12.91 യൂറോ അധികമായി ഈടാക്കുമെന്ന് The Commission for the Regulation of Utilities (CRU) വ്യക്തമാക്കി.

ഇവര്‍ക്ക് പുറമെ അമിതമായി വൈദ്യുതി ഉപയോഗിക്കുന്ന ഡാറ്റ സെന്ററുകള്‍, മാനുഫാക്ച്വറിങ് കമ്പനികള്‍ മുതലായവരില്‍ നിന്നും, ഉപയോഗിക്കുന്ന ആകെ വൈദ്യുതിയുടെ കണക്കുമായി താരതമ്യം ചെയ്ത് ലെവി ഈടാക്കും.

2022 ഒക്ടോബര്‍ മുതല്‍ എനര്‍ജി ക്രെഡിറ്റ് ആയി ജനങ്ങള്‍ക്ക് നല്‍കിയ 276 മില്യണ്‍ യൂറോ ഇത്തരത്തില്‍ അധിക ലെവിയിലൂടെ തിരിച്ചുപിടിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇക്കാലയളവില്‍ 89 യൂറോ വീതമാണ് ഓരോ വീട്ടുകാര്‍ക്കും എനര്‍ജി ക്രെഡിറ്റായി നല്‍കിയത്. ഹോള്‍സെയില്‍ വൈദ്യുതി വില കുത്തനെ വര്‍ദ്ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടായിരുന്നു ഇത്തരമൊരു നീക്കം. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ വിന്‍ഡ് മില്ലുകള്‍ക്ക് അധികവരുമാനം നേടാമെന്നും പ്രതീക്ഷയുണ്ടായിരുന്നു.

സാധാരണയായി പ്രതീക്ഷിച്ചതിലുമധികം തുക ലഭിക്കുമ്പോള്‍ അത് എനര്‍ജി ക്രെഡിറ്റായി ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുകയും, നഷ്ടം വന്നാല്‍ അത് ലെവിയായി തിരിച്ചുപിടിക്കുകയും ചെയ്യുന്നതാണ് രീതി. ഇത്തരത്തില്‍ പ്രതീക്ഷിച്ചത്ര വില വര്‍ദ്ധിക്കാതെ വന്നതോടെ, അത് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ലെവിയിലൂടെ നടത്തുന്നത്.

Share this news

Leave a Reply

%d bloggers like this: