ഉയരുന്ന റോഡപകട മരണങ്ങൾ; അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനത്തിൽ അടിമുടി മാറ്റം അനിവാര്യമെന്ന് പരിശീലകർ

അയര്‍ലണ്ടില്‍ റോഡപകടമരണങ്ങള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, ഡ്രൈവിങ് ടെസ്റ്റ് സംവിധാനം അടിമുടി നവീകരിക്കണമെന്ന് Professional Driving Instructors Association (PDIA). ആദ്യ ഘട്ടത്തില്‍ ലേണര്‍ ഡ്രൈവര്‍ ട്രെയിനിങ്ങിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നാണ് PDIA ഡയറക്ടറായ Dominic Brophy പറയുന്നത്. ഈ വര്‍ഷം ഇതുവരെ 110 പേര്‍ അയര്‍ലണ്ടിലെ റോഡുകളില്‍ മരിച്ച സാഹചര്യത്തില്‍, ഡ്രൈവിങ് സുരക്ഷ മെച്ചപ്പെടുത്താനായി മാറ്റങ്ങള്‍ അനിവാര്യമാണെന്നും, ലേണര്‍ ഡ്രൈവര്‍ ട്രെയിനിങ്ങില്‍ നിന്ന് അത് ആരംഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശീലകര്‍ എന്ന നിലയില്‍ രാജ്യത്തെ ഡ്രൈവിങ് നിലവാരം തങ്ങള്‍ ദിവസേന കാണുന്നതാണെന്നും, നിലവില്‍ ഏറെ പോരായ്മകളുണ്ടെന്നും Brophy പറഞ്ഞു. 12 മണിക്കൂര്‍ Essential Driver Training (EDT) പാഠങ്ങള്‍ എടുക്കണമെന്നാണ് നിലവില്‍ റോഡ് സുരക്ഷാ അതോറിറ്റി ലേണര്‍ ഡ്രൈവര്‍മാരോട് പറയുന്നത്. ഒപ്പം സ്‌പോണ്‍സര്‍ ഹവേഴ്‌സ് എടുക്കണമെന്ന് പറയുന്നുണ്ടെങ്കിലും അത് നിര്‍ബന്ധമല്ല. ഈ സാഹചര്യം മാറ്റി EDT-യുടെ കുറഞ്ഞ സമയം 30 മണിക്കൂറാക്കി ഉയര്‍ത്തണം എന്നാണ് Brophy പറയുന്നത്. സ്‌പോണ്‍സര്‍ ട്രെയിനിങ് നിര്‍ബന്ധമാക്കുകയും വേണം.

നിലവില്‍ 12 മണിക്കൂര്‍ EDT പൂര്‍ത്തിയാക്കിയ ഉടന്‍ ധാരാളം പേര്‍ ടെസ്റ്റിന് അപേക്ഷിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പക്ഷേ ടെസ്റ്റില്‍ മിക്കവരും പരാജയപ്പെടുന്നു. വീണ്ടും ടെസ്റ്റ് എഴുതുന്നു. ഇതിനിടയില്‍ ലേണര്‍ പെര്‍മിറ്റ് പുതുക്കേണ്ടിയും വന്നേക്കാം. അതേസമയം ഇക്കാലയളവില്‍ മതിയായ ഡ്രൈവിങ് പരിശീലനമല്ലാതെ ലേണര്‍ പെര്‍മിറ്റുമായി ഇവര്‍ റോഡിലിറങ്ങുകയും ചെയ്യുന്നു. Brophy സ്ഥിതി വ്യക്തമാക്കി. ഇത്തരത്തില്‍ മതിയായ പരിശീലനമില്ലാതെ ടെസ്റ്റിന് അപേക്ഷിച്ച് പലവട്ടം പരാജയപ്പെടുന്നത്, അപേക്ഷകള്‍ കുന്നുകൂടാന്‍ ഇടയാക്കുന്നതായും അദ്ദേഹം പറയുന്നു.

മുമ്പ് പലവണ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും, തങ്ങള്‍ അവഗണിക്കപ്പെട്ടതായി Brophy പറഞ്ഞു. ‘ഗതാഗതവകുപ്പ് റോഡ് സുരക്ഷാ അതോറിറ്റിയോടാണ് കാര്യങ്ങള്‍ ചോദിക്കുന്നത്. പക്ഷേ ദിവസേന റോഡില്‍ നടക്കുന്നത് കാണുന്നത് അതോറിറ്റിയല്ല, ഞങ്ങളാണ്’- അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ റോഡപകടങ്ങളില്‍ മരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗതാഗതവകുപ്പും, റോഡ് സുരക്ഷാ അതോറിറ്റിയും തങ്ങള്‍ പറയുന്ന കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറയുന്നു.

Share this news

Leave a Reply

%d bloggers like this: