അയർലണ്ടിൽ നായ്ക്കളെ വളർത്താൻ പാലിക്കേണ്ട നിയമങ്ങൾ; എന്താണ് ഡോഗ് ലൈസൻസും മൈക്രോചിപ്പും?

അഡ്വ. ജിതിൻ റാം

അയര്‍ലണ്ടില്‍ ഈയിടെയായി നായകള്‍ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. വളര്‍ത്തുനായുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ചിലയിനം നായ്ക്കളെ വളര്‍ത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വരെയെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. ഈ സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ നായ്ക്കളെ വളര്‍ത്താന്‍ നിയമപരമായി ചെയ്യേണ്ടത് എന്തെല്ലാമെന്ന് നോക്കാം.

നായ്ക്കളെ വളര്‍ത്താന്‍

നിങ്ങള്‍ ഒരു പട്ടിയെ വളര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ അത് പൂര്‍ണ്ണമായും നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഒപ്പം ഡോഗ് ലൈസന്‍സ് നേടുകയും, നായ്ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും വേണം. അതോടൊപ്പം നിയന്ത്രിത ഇനത്തില്‍ പെട്ട (restricted) നായ്ക്കളെ വളര്‍ത്തണമെങ്കില്‍ പ്രത്യേക അനുമതിയും നേടിയെടുക്കണം.

നിങ്ങള്‍ വളര്‍ത്തുന്ന നായ നിങ്ങളുടെ അല്ലെങ്കില്‍ അതിനായി ഏല്‍പ്പിച്ച ആളുടെ നിയന്ത്രണത്തിലായിരിക്കണം. വളര്‍ത്തുനായ മറ്റുള്ളവര്‍ക്ക് ശല്യമാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക, നായ്ക്കള്‍ പ്രവേശിക്കാന്‍ പാടില്ലാത്ത സ്ഥലത്ത് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുക, പൊതുസ്ഥലത്ത് നായ്ക്കളെ തുടല്‍ കെട്ടി മാത്രം കൊണ്ടുപോകുക എന്നിവ നിങ്ങളുടെ ഉത്തരവാദിത്തത്തില്‍ പെടുന്നു. അഥവാ നായ് ആരെയെങ്കിലും ആക്രമിച്ചാല്‍ അതിന്റെ ഉത്തരവാദിത്തവും നിങ്ങള്‍ക്ക് തന്നെയാണ്. ഒക്ടോബര്‍ 1 മുതല്‍ രാജ്യത്ത് XL Bully ഇനത്തില്‍ പെട്ട നായ്ക്കളെ വളര്‍ത്തുന്നതിന് പ്രത്യേക നിയന്ത്രണവും നിലവില്‍ വരും (അതേ പറ്റി താഴെ വായിക്കാം).

ഇതിനെല്ലാം ഉപരിയായി ഒരു വളര്‍ത്തുനായയെ വാങ്ങും മുമ്പ്, അതിനെ പരിപാലിക്കുക, ആശുപത്രിയില്‍ കാണിക്കുക, ലൈസന്‍സ് എടുക്കുക, ഭക്ഷണം, മൈക്രോചിപ്പിങ് മുതലായ എല്ലാ കാര്യങ്ങള്‍ക്കും ചെലവാക്കാന്‍ മതിയായ തുക നിങ്ങളുടെ കൈവശം ഉണ്ടെന്നും ഉറപ്പാക്കുക. വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഇണങ്ങും എന്ന് തോന്നുന്ന ഇനത്തില്‍ പെട്ടതിനെ, ചോദിച്ചറിഞ്ഞ് മാത്രം വാങ്ങുക. ഇതിനായി The Irish Kennel Club, Dog Breeding Establishment (DBE) പോലുള്ള സ്ഥാപനങ്ങള്‍ സഹായിക്കും. രജിസ്റ്റേഡ് സ്ഥാപനങ്ങളെ മാത്രം ഇതിനായി സമീപിക്കുക. പട്ടിയെ വാങ്ങുന്നതിനെ പറ്റി കൂടുതല്‍ അറിയാനായി: https://www.ispca.ie/news/detail/thinking_of_getting_a_new_puppy_here_is_what_you_need_to_know

പട്ടിയെ വളര്‍ത്തലും നിയമങ്ങളും

കണ്‍ട്രോള്‍ ഓഫ് ഡോഗ്‌സ് ആക്ട് 1986 പ്രകാരം പട്ടികളെ വളര്‍ത്തുന്നതിന് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ഡോഗ് വാര്‍ഡന്‍മാരെ നിയമിക്കല്‍, ഡോഗ് ഷെല്‍റ്ററുകള്‍ നിര്‍മ്മിക്കല്‍, പട്ടികളെ പിടിച്ചെടുക്കല്‍, പട്ടി വളര്‍ത്തലുമായി ബന്ധപ്പെട്ട് പിഴ ചുമത്തല്‍, പട്ടിയുടെ ഉടമയ്‌ക്കെതിരെ കോടതിയില്‍ കേസ് നല്‍കല്‍ എന്നിവയെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ അധികാരപരിധിയില്‍ വരുന്നു.

നിങ്ങള്‍ പട്ടികളോട് ക്രൂരത കാട്ടിയാല്‍ ഭാവിയില്‍ വളര്‍ത്തുനായ്ക്കളെ വാങ്ങുന്നതില്‍ നിന്നും പ്രൊട്ടക്ഷന്‍ ഓഫ് അനിമല്‍സ് ആക്ട് 1911, 1915 എന്നിവ പ്രകാരം വിലക്കാനും വകുപ്പുണ്ട്.

ഡോഗ് ലൈസന്‍സ്

നിങ്ങളുടെ പട്ടിക്ക് പ്രായം നാല് മാസത്തില്‍ കൂടുതലാണെങ്കില്‍ അതിന് ലൈസന്‍സ് നിര്‍ബന്ധമാണ്. നാല് മാസത്തില്‍ താഴെ പ്രായമുള്ള, അവയുടെ അമ്മയോടൊപ്പം കഴിയുന്ന പട്ടിക്കുട്ടികള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍ അവയുടെ അമ്മയെ കൂടെ നിന്നും മാറ്റുന്ന പക്ഷം കുട്ടികള്‍ക്ക് ലൈസന്‍സ് എടുക്കേണ്ടതുണ്ട്.

അയര്‍ലണ്ടില്‍ നിലവിലുള്ള മൂന്ന് തരം ഡോഗ് ലൈസന്‍സുകള്‍ ഇവയാണ്:

1. ഇന്‍ഡിവിജ്വല്‍ ഡോഗ് ലൈസന്‍സ്- ഒരു വളര്‍ത്തുനായ്ക്ക് ഒരു വര്‍ഷത്തേയ്ക്ക് 20 യൂറോ ആണ് ഈ ലൈസന്‍സ് ലഭിക്കാനായി നല്‍കേണ്ടത്.

2. ലൈഫ്‌ടൈം ഡോഗ് ലൈസന്‍സ്- നിങ്ങളുടെ വളര്‍ത്തുനായ്ക്ക് ആജീവനാന്ത വാലിഡിറ്റി ഉള്ള ഈ ലൈസന്‍സിനായി മുടക്കേണ്ടത് 140 യൂറോ ആണ്.

3. ജനറല്‍ ഡോഗ് ലൈസന്‍സ്- ഒരേ പ്രദേശത്തു തന്നെ ഒന്നിലധികം നായ്ക്കളെ വളര്‍ത്താനുള്ള ഈ ലൈസന്‍സിന്റെ കാലാവധി ഒരു വര്‍ഷമാണ്. ഫീസ് 400 യൂറോ.

നിങ്ങളുടെ സമീപത്തെ പോസ്റ്റ് ഓഫീസിലോ, https://www.licences.ie/ILAS/Home/Licences?bundleId=17 എന്ന വെബ്‌സൈറ്റിലോ ഇന്‍ഡിവിജ്വല്‍, ലൈഫ്‌ടൈം ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ജനറല്‍ ഡോഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ തദ്ദേശസ്ഥാപനത്തെ സമീപിക്കണം (https://www.housingagency.ie/find-my-local-authority).

വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് വേണ്ടാത്തത് എപ്പോള്‍?

കാഴ്ചപരിമിതി ഉള്ളവര്‍ ഗൈഡായി ഉപയോഗിക്കുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. ലോക്കല്‍ അതോറിറ്റിയുടെ കീഴിലുള്ള നായ്ക്കള്‍ക്കും ലൈസന്‍സ് ആവശ്യമില്ല. ISPCA, ഗാര്‍ഡ എന്നിവരുടെ നായ്ക്കള്‍ക്കും ലൈസന്‍സ് എടുക്കേണ്ടതില്ല. അഥവാ നിങ്ങള്‍ അയര്‍ലണ്ടിന് പുറത്തുനിന്നും ഒരു നായയെ 30 ദിവസമോ, അതില്‍ കുറവോ കാലത്തേയ്ക്ക് മാത്രം കൊണ്ടുവരികയാണെങ്കിലും ലൈസന്‍സ് എടുക്കേണ്ടതില്ല.

എന്താണ് മൈക്രോചിപ്പ്?

നായയുടെ ഉടമ ആരെന്ന് സ്‌കാന്‍ ചെയ്ത് മനസിലാക്കുന്നതിനായാണ് മൈക്രോചിപ്പ് ഘടിപ്പിക്കുന്നത്. ചിപ്പില്‍ നിങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഒരു പ്രത്യേക ഐഡി ഉണ്ടാകും. ഒരു മൃഗഡോക്ടറുടെ സഹായത്തോടെ മൈക്രോചിപ്പ് നായയുടെ ശരീരത്തിലേയ്ക്ക് ഇന്‍ജക്ട് ചെയ്താണ് ഘടിപ്പിക്കുന്നത്. മൃഗഡോക്ടര്‍മാര്‍, റെസ്‌ക്യൂ ഓര്‍ഗനൈസേഷന്‍സ്, അനിമല്‍ വെല്‍ഫെയര്‍ യൂണിറ്റുകള്‍, ലോക്കല്‍ അതോറിറ്റികള്‍ എന്നിവര്‍ക്ക് ഇത് സ്‌കാന്‍ ചെയ്യാം.

നായ്ക്കള്‍ 12 ആഴ്ച പ്രായമെത്തും മുമ്പ് ഒരു മൃഗഡോക്ടറുടെ സഹായത്തോടെ അതിന്റെ ദേഹത്ത് ചിപ്പ് ഘടിപ്പിക്കുകയും, ഉടമയായി നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുകയും വേണം. ഒരു പട്ടിക്കുട്ടി ജനിച്ച സ്ഥലത്ത് നിന്നും മാറ്റപ്പെടുകയാണെങ്കിലും 12 ആഴ്ചയ്ക്ക് മുമ്പ് തന്നെ ഇത് ചെയ്യണം. ഏകദേശം 25 യൂറോ ആണ് മൈക്രോചിപ്പ് ഘടിപ്പിക്കാനുള്ള ചെലവ്. അതേസമയം DSPCA  പോലുള്ള സംഘടനകള്‍ ഇത് സൗജന്യമായി ചെയ്തുതരും.

കോളര്‍

പട്ടികളെ സദാസമയവും കോളര്‍ ധരിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. അതില്‍ ഉടമയുടെ പേര്, അഡ്രസ് എന്നിവ എഴുതിയിക്കണം. ഇതില്ലാത്ത പക്ഷം ഡോഗ് വാര്‍ഡന്‍മാര്‍ക്ക് നിങ്ങളുടെ മേല്‍ പിഴ ചുമത്താനുള്ള അധികാരമുണ്ട്.

നിങ്ങളുടെ വളര്‍ത്തുനായ് മറ്റുള്ളവര്‍ക്ക് ശല്യമായാല്‍ എന്ത് ചെയ്യണം, അയര്‍ലണ്ടില്‍ നിരോധനമുള്ള നായ്ക്കള്‍, വളര്‍ത്തുനായ്ക്കളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ എന്നിവയെ പറ്റിയുള്ള വിവരങ്ങള്‍ ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ വായിക്കാന്‍:

അയർലണ്ടിൽ നായ്ക്കളെ വളർത്താനുള്ള നിയമങ്ങൾ – രണ്ടാം ഭാഗം: നിരോധനം ഉള്ള നായ്ക്കളും നിയമലംഘനങ്ങളും

ലേഖകൻ:

Adv. Jithin Ram

Mob: 089 211 3987

J T Solicitors

Share this news

Leave a Reply

%d bloggers like this: