AIB-യുടെ പേരില്‍ ഉപഭോക്താക്കളെ സന്ദര്‍ശിച്ച് അവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മേടിച്ചെടുക്കുന്ന തട്ടിപ്പുകാര്‍ക്കെതിരെ കരുതിയിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ബാങ്ക് അധികൃതര്‍. ടാക്‌സി ഡ്രൈവര്‍മാര്‍ അല്ലെങ്കില്‍ കൊറിയര്‍ ഏജന്റുമാര്‍ എന്നീ വ്യാജേന എത്തുന്ന ഇവര്‍, AIB അയച്ചതാണെന്നും, കാര്‍ഡ് മുന്‍വശത്തെ ഡോറിനടിയിലോ, ഡോര്‍ മാറ്റിനടിയിലോ വയ്ക്കണം എന്നുമാണ് ആവശ്യപ്പെടുന്നത്. നേരിട്ടും കാര്‍ഡ് വാങ്ങാനായി എത്താറുണ്ട്.
ആദ്യ ഘട്ടമായി ഒരു മെസേജും, ലിങ്കുമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. AIB-ക്ക് പുറമെ മറ്റ് സ്ഥാപനങ്ങളുടെ പേരിലും ഇവര്‍ തട്ടിപ്പ് നടത്തുന്നുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ ഉള്ള മെസേജ് ആണെന്ന് കരുതി ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്കിങ് രഹസ്യ വിവരങ്ങള്‍ നല്‍കിയാല്‍ അത് തട്ടിപ്പുകാരുടെ കൈവശമാണ് എത്തുക. ഇതിന് ശേഷം ഉപഭോക്താവിനെ വിളിക്കുന്ന തട്ടിപ്പുകാര്‍, കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു എന്നും, അത് തിരികെ എടുക്കാനായി ആള്‍ വരുമെന്നും പറയുന്നു. ചിലരോട് പിന്‍ നമ്പറും ചോദിക്കുന്നുണ്ട്. ശേഷം ഒരു ടാക്‌സി ഡ്രൈവറോ, കൊറിയര്‍ ഏജന്റോ എത്തി കാര്‍ഡ് കൈവശപ്പെടുത്തുന്നതാണ് തട്ടിപ്പ് രീതി. ഈ കാര്‍ഡുകളുമായി എടിഎമ്മുകളിലെത്തി, നേരത്തെ കിട്ടിയ പിന്‍ നമ്പറുപയോഗിച്ച് പണം പിന്‍വലിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഓണ്‍ലൈന്‍ വഴിയും ഇവര്‍ പണം പിന്‍വലിക്കുന്നു.
ഈ പുതിയ തട്ടിപ്പിനെ പറ്റി ഏവരും അറിഞ്ഞിരിക്കണമെന്നും, ഇത്തരം മെസേജുകളോ, കോളുകളോ ലഭിച്ചാല്‍ ബാങ്ക് സംബന്ധിച്ച രഹസ്യവിവരങ്ങളും, കാര്‍ഡുകളും നല്‍കരുതെന്നും AIB ഓര്‍മ്മിപ്പിക്കുന്നു. അഥവാ തട്ടിപ്പിന് ഇരയായതായി തോന്നയാല്‍ നാണക്കേട് കൊണ്ട് ഒളിപ്പിച്ച് വയ്ക്കാതെ ഉടന്‍ ബാങ്കിനെയും, ഗാര്‍ഡയെയും ബന്ധപ്പെടുക.