അയർലണ്ടിൽ കൂടുതൽ മാരകമായ കോവിഡ് KP.3 വകഭേദം പടരുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

അയര്‍ലണ്ടില്‍ കോവിഡിന്റെ KP.3 വകഭേദം പടര്‍ന്നുപിടിക്കുന്നതായി ആരോഗ്യവിദഗ്ദ്ധര്‍. ഒമിക്രോണ്‍ ഗ്രൂപ്പില്‍ പെടുന്ന, പടര്‍ന്നുപിടിക്കാനും, രോഗബാധയുണ്ടാക്കാനും കൂടുതല്‍ ശക്തിയേറിയ ‘FLiRT’ വിഭാഗത്തില്‍ പെടുന്ന വകഭേദമാണ് KP.3. പ്രതിരോധസംവിധാനങ്ങളെ അതിജീവിച്ച് വളരെ വേഗം പടര്‍ന്നുപിടിക്കാനുള്ള KP.3 വകഭേദത്തിന്റെ കഴിവാണ് ആശങ്കയ്ക്ക് കാരണം. വാക്‌സിന്‍, നേരത്തെ രോഗം വന്നത് കാരണം രൂപപ്പെട്ട ആന്റിബോഡി എന്നിവയെയെല്ലാം മറികടന്ന് രോഗബാധയുണ്ടാക്കാന്‍ ഈ വകഭേദത്തിന് സാധിക്കും.

അയര്‍ലണ്ടില്‍ അവസാനത്തെ അഞ്ച് ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 55 ശതമാനത്തിനും കാരണം KP.3 വേരിയന്റ് ആണ്. അതിന് തൊട്ടു മുമ്പുള്ള അഞ്ച് ആഴ്ചകളില്‍ എട്ടില്‍ ഒരു കേസ് എന്ന രീതിയില്‍ മാത്രമേ KP.3 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ.

കോവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ 399 പേര്‍ക്ക് ആശുപത്രി ചികിത്സ വേണ്ടിവന്നു. ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍ എന്നിവിടങ്ങളിലും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗപ്രതിരോധശേഷി കുറവായവര്‍ പ്രത്യേകിച്ചും മുന്‍കരുതലുകളെടുക്കണം. പനി, ക്ഷീണം, മൂക്കൊലിപ്പ്, വരണ്ട ചുമ, ഗന്ധമില്ലായ്മ, രുചിയില്ലായ്മ, സന്ധിവേദന, തലവേദന, ദേഹത്ത് ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുക, ഛര്‍ദ്ദി, തലകറക്കം, കുളിര് കോരല്‍ എന്നിങ്ങനെ രോഗലക്ഷണങ്ങളെല്ലാം മുന്‍കാലങ്ങളുടേതിന് സമാനമാണെന്നും, ലക്ഷണങ്ങളുള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗലക്ഷണം കണ്ടാലുടന്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഐസൊലേറ്റ് ചെയ്യണം. രോഗലക്ഷണങ്ങള്‍ മാറിയ ശേഷം 48 മണിക്കൂര്‍ കഴിഞ്ഞേ വീടിന് പുറത്തിറങ്ങാവൂ.

Share this news

Leave a Reply

%d bloggers like this: