അയർലണ്ടിൽ നഴ്‌സുമാരുടെ ദൗർലഭ്യം; നവജാത ശിശുക്കളിൽ നടത്തേണ്ട അവശ്യ പരിശോധനകളും ഒഴിവാക്കപ്പെടുന്നു

അയര്‍ലണ്ടിലെ പൊതുആരോഗ്യ രംഗത്ത് ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തത് കാരണം നവജാതശിശുക്കള്‍ക്ക് നല്‍കേണ്ട അവശ്യപരിശോധനകള്‍ നടത്താന്‍ സാധിക്കാതെ വരുന്നതായി റിപ്പോര്‍ട്ട്. കുട്ടികള്‍ ജനിച്ചയുടന്‍ അവരുടെ വികാസവുമായി ബന്ധപ്പെട്ട ഏതാനും സ്ഥിര പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ വേണം ഈ പരിശോധനകള്‍ നടത്താന്‍. കുട്ടിയുടെ ആരോഗ്യത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാന്‍ നടത്തുന്ന ഈ പരിശോധനകളാണ് നഴ്‌സുമാരുടെ ദൗര്‍ലഭ്യം കാരണം വേണ്ടെന്ന് വയ്ക്കപ്പെടുന്നത്.

കുഞ്ഞ് ജനിച്ച ഒരാഴ്ച കഴിഞ്ഞാല്‍ ഒരു നഴ്‌സ് വീട്ടിലെത്തി കുഞ്ഞിന്റെ തൂക്കം, പൊതുവായ ആരോഗ്യം എന്നിവ പരിശോധിക്കണം. ഒപ്പം കുടുംബത്തിന്റെ ജിപിയും സമാനമായ പരിശോധനകള്‍ നടത്തും. പിന്നീട് കുട്ടിക്ക് മൂന്ന് മാസം തികയുമ്പോള്‍ കുട്ടിയുടെ ആരോഗ്യം, വികാസം എന്നിവ സംബന്ധിച്ച് നഴ്‌സ് ഒരു സമഗ്രപരിശോധനയും നടത്തേണ്ടതുണ്ട്. എന്നാല്‍ പല കുട്ടികള്‍ക്കും ഈ പരിശോധനകളൊന്നും നടക്കുന്നില്ല എന്നതാണ് സത്യം.

ഇത്തരം പരിശോധനകള്‍ വഴിയാണ് കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നമുണ്ടോ എന്ന കൃത്യമായി കണ്ടെത്താന്‍ സാധിക്കുക. എന്നാല്‍ പരിശോധന നടത്താത്തത് കാരണം രോഗനിര്‍ണ്ണയം വൈകിയാല്‍ അത് കൂടുതല്‍ ഗൗരവകരമായ സ്ഥിതിയിലേയ്ക്കാകും കൊണ്ടുചെന്നെത്തിക്കുന്നത്.

ഈയിടെയായി രാജ്യത്തെ ധാരാളം രക്ഷിതാക്കള്‍ ഈ പരാതിയുമായി Ombudsman for Children’s Office (OCO)-നെ സമീപിച്ചിട്ടുണ്ട്. ഡബ്ലിനിലെ പല ആശുപത്രികളിലും നഴ്‌സുമാരുടെ കുറവുള്ളതിനാല്‍ സ്ഥിരമായി കുട്ടികളില്‍ നടത്താറുള്ള ഇത്തരം പരിശോധനകള്‍ നടത്താന്‍ സാധിക്കാതെ വരുന്നതായി HSE-യും സമ്മതിക്കുന്നു. പരിശോധനകള്‍ നടക്കാത്തതിനെത്തുടര്‍ന്ന് 2022-ല്‍ OCO ഇടപെടുകയും, പരിശോധന അത്യാവശ്യമായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മുന്‍ഗണന നല്‍കി പരിശോധന നടത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ‘പരിശോധന അത്യാവശ്യം ഉള്ളവര്‍’ എന്ന് പറയുന്നതിന്റെ മാനദണ്ഡം ചില രക്ഷിതാക്കള്‍ ചോദ്യം ചെയ്ത് മുന്നോട്ടുവന്നിരുന്നു. എന്നാല്‍ നിലവില്‍ ഈ ‘മുന്‍ഗണനാ രീതി’ തന്നെയാണ് തുടരുന്നത്.

ഈ സാഹചര്യത്തില്‍ പല കുട്ടികളും അവശ്യപരിശോധനകളില്ലാതെ തുടരുകയാണെന്നും, രക്ഷിതാക്കള്‍ ആശങ്കയുമായി തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും OCO പറയുന്നു. വീടുകള്‍ ഇല്ലാത്തവര്‍, മറ്റ് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് ഇത്തരം പരിശോധനകള്‍ ലഭിക്കാന്‍ ഒരു വഴിയും ഇല്ല. കുട്ടികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആരോഗ്യവകുപ്പിനും സാധിക്കുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ.

അതേസമയം സ്ഥിതി ഇങ്ങനെയാണെന്നിരിക്കെ കുട്ടിക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ സംശയിക്കുന്നവര്‍ തങ്ങളുടെ ജിപിയെയോ, ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് സര്‍വീസിനെയോ ബന്ധപ്പെട്ട് പരിശോധന നടത്തണമെന്ന് HSE വക്താവ് പറയുന്നു. പ്രത്യേകിച്ചും ഡബ്ലിന്‍ വെസ്റ്റ് പ്രദേശത്താണ് ഈ സ്ഥിതി നിലനില്‍ക്കുന്നതെന്നും, ധാരാളം ജീവനക്കാരുടെ ഒഴിവാണ് ഇവിടെയുള്ളതെന്നും അവര്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: