ഇക്കഴിഞ്ഞ ഞായറാഴ്ച ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനം; യൂറോപ്പിൽ ചൂട് വർദ്ധിക്കുന്നത് ആഗോള ശരാശരിയേക്കാൾ ഇരട്ടിയായി

ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂലൈ 21) ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ദിനമായിരുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്റെ Copernicus Climate Change Service (C3S). അന്നേ ദിവസം ശരാശരി ആഗോള അന്തരീക്ഷ താപനില 17.09 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പത്തെ ഉയര്‍ന്ന ശരാശരി താപനിലയായ 17.08 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം ജൂലൈ 6-നായിരുന്നു.

1940-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടതെന്ന് CS3 വ്യക്തമാക്കി. മുന്‍ റെക്കോര്‍ഡിനെ അപേക്ഷിച്ച് 0.01 ഡിഗ്രി സെല്‍ഷ്യസ് മാത്രമേ ഉയര്‍ന്നിട്ടുള്ളൂ എന്ന് തോന്നാമെങ്കിലും, 1940-ന് ശേഷമുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ചൂട് വളരെയേറെ വര്‍ദ്ധിച്ചതായാണ് മനസിലാക്കാന്‍ സാധിക്കുകയെന്ന് CS3 ഡയറക്ടറായ Carlo Buontempo പറഞ്ഞു. ആവശ്യമായ നടപടികളെടുത്തില്ലെങ്കില്‍ ഭാവിയിലും ചൂട് കുത്തനെ ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആഗോളമായുള്ള ശരാശരി താപനില വര്‍ദ്ധനയെക്കാള്‍ ഇരട്ടിയാണ് യൂറോപ്പില്‍ വര്‍ദ്ധിക്കുന്നതെന്ന് CS3-യും യുഎന്നിന്റെ World Meteorological Organization (WMO)-ഉം നേരത്തെ വ്യക്തമാക്കിയിരുന്നു. ഉഷ്ണതരംഗങ്ങള്‍ ഭാവിയില്‍ താപനില വളരെ വര്‍ദ്ധിച്ച തരത്തില്‍, കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും സംയുക്ത റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: