എയര്‍ ലിംഗസ് കമ്പനിയിലെ സമരത്തിന് പരിഹാരം കാണാനായി ലേബര്‍ കോടതി മുന്നോട്ടുവച്ച 17.75% ശമ്പളവര്‍ദ്ധന എന്ന നിര്‍ദ്ദേശം അംഗീകരിക്കുന്നതായി പൈലറ്റുമാര്‍. ശമ്പളവര്‍ദ്ധന അംഗീകരിക്കണമോ എന്നത് സംബന്ധിച്ച് പൈലറ്റുമാരുടെ സംഘടനയായ IALPA അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
അതേസമയം 24% ശമ്പളവര്‍ദ്ധനയായിരുന്നു പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 12.5% ശമ്പളവര്‍ദ്ധനയായിരുന്നു എയര്‍ ലിംഗസിന്റെ വാഗ്ദാനം. തുടര്‍ന്ന് പൈലറ്റുമാരുടെ സമരം തീരുമാനമാകാതെ നീണ്ടതോടെ ഇടപെട്ട ലേബര്‍ കോടതി ഇരു കക്ഷികളുടെയും വാദങ്ങള്‍ കേട്ട ശേഷം 17.75% ശമ്പളവര്‍ദ്ധന എന്ന നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. എയര്‍ ലിംഗസ് കമ്പനി നേരത്തെ തന്നെ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു. അതേസമയം പൈലറ്റുമാര്‍ നേരത്തെ തന്നെ സമരം അവസാനിപ്പിച്ച് വോട്ടെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ എയര്‍ ലിംഗസ് പൈലറ്റുമാര്‍ക്ക് ലഭിച്ച ഏറ്റവും വലിയ ശമ്പളവര്‍ദ്ധനയാണ് ഇതെന്ന് IALPA പ്രസിഡന്റ് Mark Tighe പറഞ്ഞു. അതേസമയം ജോലിസ്ഥലത്തെ മാറ്റങ്ങളും കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഇപ്പോഴോ, ഭാവിയിലോ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനികള്‍ വലിയ ലാഭമുണ്ടാക്കുമ്പോള്‍ അവിടുത്തെ ജോലിക്കാര്‍ക്കും മികച്ച രീതിയില്‍ ശമ്പളം നല്‍കപ്പെടേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം പ്രശ്‌നം ലേബര്‍ കോടതിയില്‍ എത്തുന്നതിന് മുമ്പുള്ള 22 മാസങ്ങളില്‍ IALPA ആവശ്യപ്പെട്ടിട്ടും എയര്‍ ലിംഗസ് ശമ്പളവര്‍ദ്ധന നടപ്പിലാക്കാതിരുന്നത് നിരാശാജനകമാണെന്നും കൂട്ടിച്ചേര്‍ത്തു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സമരം ഒഴിവാക്കാവുന്നതായിരുന്നുവെന്നും Tighe പറഞ്ഞു.