വാട്ടർഫോർഡിൽ രണ്ട് കാറുകൾ മോഷ്ടിച്ച് തീയിട്ടു; മോഷ്ടാവിനെ തിരഞ്ഞ് ഗാർഡ

വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ കാറുകള്‍ മോഷ്ടിക്കുകയും, തീവയ്ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. കഴിഞ്ഞ ഞായറാഴ്ചയാണ് നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി കാറുകള്‍ മോഷ്ടിക്കപ്പെട്ടത്. പുലര്‍ച്ചെ 2.30ഓടെ Rockenham-ല്‍ നിന്നും ഒരു ടൊയോട്ട വിറ്റ്‌സ് ഹാച്ച്ബാക്ക് കാറാണ് ആദ്യം മോഷ്ടിക്കപ്പെട്ടത്. ഇത് രാവിലെ 7 മണിയോടെ John’s Park പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

രണ്ടാമത്തെ കാര്‍ പുലര്‍ച്ചെ Castlegrange പ്രദേശത്ത് വച്ചാണ് മോഷ്ടിക്കപ്പെട്ടതും. ഇതും ഒരു ടൊയോട്ട ഹാച്ചാബാക്ക് ആയിരുന്നു. ഈ കാറും പിന്നീട് കത്തിച്ച നിലയില്‍ John’s Park പ്രദേശത്ത് നിന്നും കണ്ടെത്തി. മൂന്നാമത് ഒരു കാര്‍ മോഷ്ടിക്കാന്‍ University Hospital Waterford (UHW)-ന് സമീപമുള്ള Waterpark Apartments-ല്‍ വച്ച് ശ്രമമുണ്ടായെങ്കിലും നടന്നില്ല.

മൂന്ന് കാറുകളിലും സാങ്കേതികപരിശോധനകള്‍ അടക്കം നടത്തിവരികയാണെന്നും, സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകള്‍ ഉള്ളവര്‍ തൊട്ടടുത്ത ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനുകളിലോ, താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.:
Waterford Garda Station on 051 391620
Garda Confidential Line 1800 666 111

Share this news

Leave a Reply

%d bloggers like this: