അയർലണ്ടിൽ ഹൗസിങ് ടാക്സ് ഇളവ് വഴി വലിയൊരു തുക വർഷം തോറും ലാഭിക്കാം; എങ്ങനെയെന്നറിയാം…

അഡ്വ. ജിതിൻ റാം

മറ്റേതൊരു രാജ്യത്തും എന്ന പോലെ അയര്‍ലണ്ടിലും സര്‍ക്കാരിന്റെ പ്രധാനവരുമാനം ടാക്‌സ് അഥവാ നികുതി ആണ്. രാജ്യത്ത് ജീവിക്കുന്ന ഓരോരുത്തരും ഇത്തരത്തില്‍ പലവിധങ്ങളായ ടാക്‌സ് സര്‍ക്കാരിന് നല്‍കാന്‍ ബാധ്യസ്ഥരാണ്. അതേസമയം ഈ ടാക്‌സില്‍ റിലീഫ് അഥവാ ഇളവ് ലഭിക്കാനും പ്രത്യേക സാഹചര്യങ്ങളില്‍ സാധിക്കും. വലിയൊരു തുക തന്നെ ഇത്തരത്തില്‍ ലാഭിക്കാവുന്നതുമാണ്. ഹൗസിങ് ടാക്‌സുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ ലഭിക്കുന്ന ഇത്തരം ഇളവുകളെപ്പറ്റിയാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്.

റെന്റ് ടാക്‌സ് ക്രെഡിറ്റ്

മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ടാക്‌സ് റിലീഫ് ആണ് റെന്റ് ടാക്‌സ് ക്രെഡിറ്റ്. നാം താമസിക്കുന്ന വീടിന്റെ വാടകത്തുകയുടെ 20% ആണ് ഇത്തരത്തില്‍ നമുക്ക് ഒരു വര്‍ഷം ഇന്‍കം ടാക്‌സ് ക്രെഡിറ്റ് ആയി ലഭിക്കുക. വ്യക്തികള്‍ക്ക് പരമാവധി 750 യൂറോയും, ദമ്പതികളാണെങ്കില്‍ (ഒരുമിച്ചാണ് ടാക്‌സ് അടയ്ക്കുന്നതെങ്കില്‍) 1,500 യൂറോയും ഇതുവഴി തിരികെ ലഭിക്കും.

റെന്റ് ടാക്‌സ് ക്ലെയിം ചെയ്യാനായി: https://www.citizensinformation.ie/en/money-and-tax/tax/housing-taxes-and-reliefs/rent-tax-credit/

മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റ് ടാക്‌സ് ക്രെഡിറ്റ്

2024 ബജറ്റില്‍ ഒരു പുതിയ മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റ് ടാക്‌സ് ക്രെഡിറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് വഴി വീട് വാങ്ങിയവര്‍ക്കാണ് ഇത് ഉപകാരപ്പെടുക.

2022 ഡിസംബര്‍ 31-ആം തീയതി വച്ച് കണക്കാക്കുമ്പോള്‍ 80,000 യൂറോയ്ക്കും, 500,000 യൂറോയ്ക്കും ഇടയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് ബാക്കിയുള്ളവര്‍ ഈ ടാക്‌സ് ക്രെഡിറ്റിന് അര്‍ഹരാണ്. മോര്‍ട്ട്‌ഗേജ് പലിശനിരക്ക് വര്‍ദ്ധിച്ചതിന് ശേഷം 2023-ല്‍ നിങ്ങള്‍ ഈ ഇനത്തില്‍ അടച്ച അധിക പലിശയുടെ 20% (2022-മായി താരതമ്യം ചെയ്യുമ്പോഴുള്ള അധികതുക) നിങ്ങള്‍ക്ക് തിരികെ ലഭിക്കും. പരമാവധി 1,250 യൂറോ ആണ് ലഭിക്കുക.

മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റ് ടാക്‌സ് ക്രെഡിറ്റിനെ പറ്റി കൂടുതലറിയാന്‍: https://www.citizensinformation.ie/en/housing/owning-a-home/buying-a-home/mortgage-interest-relief/

റെന്റ് എ റൂം റിലീഫ്

നിങ്ങള്‍ വീട്ടിലെയോ ഫ്‌ളാറ്റിലെയോ ഒരു റൂം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കുകയാണെങ്കില്‍ അത് വഴി ലഭിക്കുന്ന തുകയില്‍ നിന്നും പരമാവധി 14,000 യൂറോ വരെ ഒരു വര്‍ഷം ഇന്‍കം ടാക്‌സില്‍ നിന്നും ഇളവ് ചെയ്ത് ലഭിക്കും. സ്ഥിരമായി വാടകയ്ക്ക് നല്‍കുമ്പോള്‍ മാത്രമേ ഈ ഇളവ് ലഭിക്കൂ. അതിഥികള്‍ക്ക് വാടകയ്ക്ക് നല്‍കുക, മറ്റ് ഹ്രസ്വകാലയളവിലെ വാടകയ്ക്ക് നല്‍കല്‍ മുതലായവയ്ക്ക് ഈ ഇളവ് ലഭിക്കില്ല. ഒപ്പം വീടിന് ചേര്‍ന്ന് നില്‍ക്കുന്ന റൂം തന്നെയായിരിക്കണം ഇതെന്നതും നിര്‍ബന്ധമാണ്. മക്കള്‍ക്ക് റൂം വാടകയ്ക്ക് നല്‍കുകയാണെങ്കില്‍ ഈ ഇളവ് ലഭിക്കില്ല.

വീട്ടുടമകള്‍ക്കുള്ള ടാക്‌സ് ഇളവുകള്‍

വീട് വാടകയ്ക്ക് നല്‍കുന്നവര്‍ അതുവഴി ലഭിക്കുന്ന വരുമാനത്തിന് ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍, വീട് വാങ്ങാന്‍ എടുത്ത മോര്‍ട്ട്‌ഗേജിന്റെ പലിശ, വീട് നവീകരിക്കാന്‍ ചെലവാക്കിയ തുക മുതലായവയ്ക്ക് ടാക്‌സ് ഇളവ് ലഭിക്കുന്നതാണ്. Residential Tenancies Board (RTB)-ല്‍ രജിസ്റ്റര്‍ ചെയ്ത വീടുകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഇളവ് ലഭിക്കൂ. ഒപ്പം വീട് വാടകയ്ക്ക് നല്‍കിയ കാലയളവില്‍ അടയ്ക്കുന്ന പലിശയ്ക്ക് മാത്രമേ ഇളവ് ബാധകമാകൂ. 2019 ജനുവരി മുതല്‍ പലിശയുടെ 100% ടാക്‌സ് റിലീഫ് ലഭിക്കുന്നതാണ്.

റെന്റ് വഴി ലഭിക്കുന്ന തുകയുടെ ടാക്‌സ് ഇളവ് 2024-2027 വര്‍ഷങ്ങളില്‍

2024 മുതല്‍ പുതുക്കിയ റെന്റല്‍ ഇന്‍കം ടാക്‌സ് റിലീഫ് നിലവില്‍ വരും. അര്ഡഹരായവര്‍ക്ക് വാടക വരുമാനത്തിന്റെ 20% വരെ ഇത്തരത്തില്‍ ഓരോ വര്‍ഷവും ഇളവ് ലഭിക്കും. നാല് വര്‍ഷമെങ്കിലും വീട് വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് മാത്രമേ ഇളവ് ലഭിക്കുകയുള്ളൂ. 2024-ല്‍ പരമാവധി 600 യൂറോ, 2025-ല്‍ 800 യൂറോ, 2026, 2027 വര്‍ഷങ്ങളില്‍ 1000 യൂറോ എന്നിങ്ങനെയാണ് പരമാവധി ഇളവ്.

ഉടമസ്ഥാവകാശം മാറ്റുമ്പോള്‍ നല്‍കുന്ന ടാക്‌സിന് ഇളവുണ്ടോ?

ഒരു കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുമ്പോഴും, വില്‍ക്കുമ്പോഴും ലഭിക്കുന്ന തുകയ്ക്കും ടാക്‌സ് നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതിലും ചില ഇളവുകള്‍ ലഭിക്കും. ഉദാഹരണത്തിന് നിങ്ങള്‍ വീട് വില്‍ക്കുമ്പോള്‍, അത് ഉണ്ടാക്കാനോ, വാങ്ങാനോ ചെലവിട്ട തുകയെക്കാള്‍ കൂടുതല്‍ ലഭിക്കുന്ന തുക അതായത് ലാഭത്തിന് Capital Gains Tax നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇത് നിങ്ങള്‍ താമസിക്കുന്ന പ്രധാന വീട് ആണെങ്കില്‍ അതില്‍ ടാക്‌സ് ഇളവ് ലഭിക്കും.
Capital Gains Tax-നെ കുറിച്ച് കൂടുതലറിയാന്‍: https://www.citizensinformation.ie/en/money-and-tax/tax/capital-taxes/capital-gains-tax/

നിങ്ങള്‍ക്ക് ഒരു വീട് സമ്മാനമായോ, അനന്തരാവകാശമായോ ലഭിക്കുകയാണെങ്കില്‍ അയര്‍ലണ്ടില്‍ Capital Acquisitions Tax നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇത് ദമ്പതികള്‍ തമ്മില്‍ നടക്കുന്ന കൈമാറ്റമോ, സിവില്‍ പാര്‍ട്ട്‌ണേ്‌ഴ്‌സ് തമ്മില്‍ നടക്കുന്നതോ ആണെങ്കിലും, താമസിക്കുന്ന പ്രധാന വീടാണെങ്കിലും ടാക്‌സ് ഇളവ് ലഭിക്കും.
Capital Acquisitions Tax-നെ പറ്റി കൂടുതലറിയാന്‍: https://www.citizensinformation.ie/en/money-and-tax/tax/capital-taxes/capital-acquisitions-tax/

ഉമസ്ഥാവകാശം മാറ്റുമ്പോള്‍ നല്‍കുന്ന സ്റ്റാംപ് ഡ്യൂട്ടിയിലും ഇളവ് ലഭിക്കും. അതെക്കുറിച്ചറിയാന്‍: https://www.citizensinformation.ie/en/housing/owning-a-home/buying-a-home/stamp-duty/

ടാക്‌സ് ഇളവുകള്‍ക്ക് അപേക്ഷിക്കാന്‍

ടാക്‌സ് ഇളവുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാവുന്നതാണ്. അതിനായി: https://www.citizensinformation.ie/en/money-and-tax/tax/income-tax/online-services-for-paye-taxpayers/

ടാക്സുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് റവന്യൂ ഓഫീസുമായി ബന്ധപ്പെടാൻ: http://www.revenue.ie/en/contact/lo-call.html

ലേഖകൻ:

Adv. Jithin Ram

Mob: 089 211 3987

J T Solicitors

Share this news

Leave a Reply

%d bloggers like this: