അയര്‍ലണ്ടില്‍ ലൈസന്‍സ് റദ്ദാക്കിയ ശേഷവും ഗാര്‍ഡയെ വെട്ടിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിക്ക് ആറ് വര്‍ഷം തടവ് വിധിച്ച് കോടതി. ഡബ്ലിനിലെ Crumlin സ്വദേശിയായ Michael Mc Guirk എന്ന 23-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. ഗാര്‍ഡ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ അമിതവേഗതയില്‍ വാഹനമോടിച്ച ഇയാളുടെ കാറിടിച്ച് 67-കാരിയായ കാല്‍നടയാത്രക്കാരി Carol Seery ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം റോഡ് ക്രോസ് ചെയ്യുമ്പോള്‍ തെറ്റായ ദിശയില്‍ വന്ന കാര്‍ ഇവരെ ഇടിക്കുകയായിരുന്നു. അപകടശേഷവും നിര്‍ത്താതെ പോയ പ്രതി പിന്നീട് കാര്‍ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.. 2023 ഒക്ടോബര്‍ 4-നായിരുന്നു സംഭവം.
നേരത്തെ 66 കുറ്റകൃത്യങ്ങളിലെ പ്രതിയാണ് ശിക്ഷിക്കപ്പെട്ട Michael Mc Guirk. ഇതില്‍ മൂന്നെണ്ണം അമിതവേഗതയില്‍ വാഹനമോടിച്ചതിനും, ഏഴെണ്ണം അനധികൃതമായി കാര്‍ ഓടിച്ചതിനുമാണ്. മൂന്ന് തവണ ഇന്‍ഷുറന്‍സ് ഇല്ലാതെയും പിടിക്കപ്പെട്ടു. അപകടം നടക്കുന്ന സമയത്ത് നാല് വര്‍ഷത്തേയ്ക്ക് വാഹനമോടിക്കുന്നതില്‍ നിന്നും ഇയാള്‍ അയോഗ്യനാക്കപ്പെട്ടിരിക്കുകയായിരുന്നു. മോഷണം, കവര്‍ച്ച, ആക്രമണം, കത്തി കൈവശം വയ്ക്കല്‍, അതിക്രമിച്ച് കടക്കല്‍ മുതലായ കേസുകളിലും ഇയാള്‍ നേരത്തെ പിടിക്കപ്പെട്ടിട്ടുണ്ട്.
മറ്റുള്ളവരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത പെരുമാറ്റമാണ് പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ശിക്ഷ വിധിക്കവേ കോടതി നിരീക്ഷിച്ചു. ഡ്രൈവിങ്ങില്‍ നിന്നും ഇയാളെ 15 വര്‍ഷത്തേയ്ക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്.