യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായി വീണ്ടും ഉർസുല; 14 ഐറിഷ് എംഇപിമാരിൽ 10 പേരും എതിർത്ത് വോട്ട് ചെയ്തു

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായി നിലവിലെ പ്രസിഡന്റ് Ursula von der Leyen-നെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ 720 എംഇപിമാരില്‍ 401 പേര്‍ ഉര്‍സുലയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 284 പേര്‍ എതിര്‍ത്ത് വോട്ട്‌ചെയ്തപ്പോള്‍ 15 പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 361 വോട്ടുകളായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഇതോടെ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ഉര്‍സുല തന്നെ കമ്മീഷനെ നയിക്കും.

തന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ എംഇപിമാര്‍ക്കും നന്ദിയറിയിക്കുന്നതായി ഉര്‍സുല എക്‌സില്‍ കുറിച്ചു. ബെല്‍ജിയം സ്വദേശിയാണ് 65-കാരിയായ ഉര്‍സുല.

ഉര്‍സുലയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്ന് യൂറോപ്പിലെ ഗ്രീന്‍ പാര്‍ട്ടികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യൂറോപ്പിന്റെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉര്‍സുല ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ഇത്. അയര്‍ലണ്ടില്‍ നിന്നുള്ള Fine Gael എംഇപിമാരും ഉര്‍സുലയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം അയര്‍ലണ്ടിന്റെ 14 എംഇപിമാരില്‍ 10 പേരും ഉര്‍സുലയ്ക്ക് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. Sinn Fein-ന്റെ Lynn Boylan തന്റെ ബാലറ്റ് പേപ്പറിന്റെ ഫോട്ടോ എക്‌സില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതില്‍ ഉര്‍സുലയ്ക്ക് എതിരായി വോട്ട് രേഖപ്പെടുത്തിയതായി കാണാം. ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തില്‍, പലസ്തീനിലെ കുരുതി തടയാന്‍ ഉര്‍സുല വേണ്ടതൊന്നും ചെയ്തില്ല എന്ന കാരണത്താലാണ് Boylan എതിര്‍ വോട്ട് രേഖപ്പെടുത്തിയത്. അയര്‍ലണ്ടിന്റെ സ്വതന്ത്ര എംഇപിയായ Luke ‘Ming’ Flanagan, ലേബര്‍ പാര്‍ട്ടി എംഇപി Aodhán Ó Ríordáin എന്നിവരും സമാനമായ ബാലറ്റ് ഫോട്ടോകള്‍ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ നാല് Fine Gael എംഇപിമാര്‍ മാത്രമാണ് ഉര്‍സുലയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.

Share this news

Leave a Reply

%d bloggers like this: