അയർലണ്ടിന്റെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റവുമായി ഒരു മലയാളി; ലിസി എബ്രഹാമിന്റേത് അഭിമാന നേട്ടം

അയര്‍ലണ്ടിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്ന പ്രോജക്ടുമായി ഒരു മലയാളി. കുട്ടികളിലെ ഹൃദ്രോഗം കണ്ടെത്തുന്നതിന് നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എഐ) ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ഗവേഷണം പൂര്‍ത്തിയാക്കാനായി മലയാളിയും, South East Technological University (SETU)-യിലെ ഗവേഷകയുമായ ഡോ. ലിസി എബ്രഹാമിന് ഐറിഷ് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.

‘An Artificial Intelligence (AI) – based Automated Approach for the Classification of Pediatric Heart Murmurs and Disease Diagnosis using Wireless Phonocardiography’ എന്ന പേരിലാണ് ഡോ. ലിസി നിലവില്‍ ഗവേഷണം നടത്തിവരുന്നത്. ഇത് പൂര്‍ത്തിയാക്കാനായി 556,070 യൂറോ ലിസിക്ക് ലഭിക്കും.

കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെയുള്ള ചില പ്രശ്‌നങ്ങളാല്‍ ഉണ്ടാകുന്ന Congenital Heart Diseases (CHDs) സംബന്ധിച്ചാണ് ഡോ. ലിസിയുടെ ഗവേഷണം. സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ച് ഹൃദയമിടിപ്പ് പരിശോധിക്കുകയാണ് ഇപ്പോഴും ഈ രോഗം തിരിച്ചറിയാനുപയോഗിക്കുന്ന പൊതുവായ രീതി. എന്നാല്‍ നല്ല അനുഭവപരിചയമുള്ള ഡോക്ടര്‍മാര്‍ക്ക് മാത്രമേ ഇത്തരത്തില്‍ രോഗം കൃത്യമായി മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. 30-45 മിനിറ്റ് നേരം കുട്ടികള്‍ അനങ്ങാതെ കിടന്നാലേ രോഗനിര്‍ണ്ണയം സാധ്യമാകൂ എന്നതടക്കമുള്ള പരിമിതകളും ഈ രീതിക്കുണ്ട്. എക്കോ കാര്‍ഡിയോഗ്രാഫി പോലുള്ള രോഗനിര്‍ണ്ണയരീതികളാകട്ടെ ചെലവേറിയതും, സമയമെടുക്കുന്നതുമാണ്. ഈ സാഹചര്യത്തിലാണ് വലിയ ചെലവില്ലാതെ രോഗം കൃത്യമായി നിര്‍ണ്ണയിക്കുന്നതിന് എഐ ഉപയോഗിക്കാനുള്ള സാധ്യത തേടുന്ന ഗവേഷണം ഡോ. ലിസി നടത്തുന്നത്.

ഡിജിറ്റല്‍ സ്‌റ്റെതസ്‌കോപ്പ് വഴി ലഭിക്കുന്ന ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്റെ phonocardiogram (PCG), എഐയുമായി സംയോജിപ്പിച്ചാണ് പുതിയ സാങ്കേതികവിദ്യയിലൂടെ രോഗനിര്‍ണ്ണയം നടത്തുന്നത്. എക്കോകാര്‍ഡിയോഗ്രാം ഉപയോഗിച്ച് ലഭ്യമാക്കുന്ന ഫലത്തിന് തുല്യമായ ഫലം ഈ രീതിയും നല്‍കും. PCG വഴി ലഭിക്കുന്ന ഹൃദയതാളത്തിന്റെ സിഗ്നലുകള്‍, എഐ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഓട്ടോമാറ്റിക് കാര്‍ഡിയാക് ഡിസോര്‍ഡര്‍ ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് പരിശോധിക്കുകയാണ് ഈ രീതിയില്‍ ചെയ്യുക. ഇത് ഡോക്ടര്‍മാര്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ എന്നിവരെയെല്ലാം കുട്ടികളില്‍ നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സഹായിക്കുന്നു. സമയലാഭം, ധനലാഭം എന്നിവയുമുണ്ട്.

കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിങ് ബിരുദം നേടിയ ആളാണ് ഡോ. ലിസി എബ്രഹാം. അതില്‍ തന്നെ സിഗ്നല്‍ പ്രോസസിങ്ങില്‍ സ്‌പെഷ്യലൈസേഷനും ചെയ്തിട്ടുണ്ട്. അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്മ്യൂണിക്കഷന്‍സ് സിസ്റ്റംസ് ബിരുദാനന്തര ബിരുദത്തിന് ശേഷം UCC-യിലെ Tyndall National Institute-ല്‍ നിന്നും Wireless Sensor Networks-ല്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചും ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയില്‍ SETU-വിലെ Walton Institute-ലുള്ള Emerging Networks Laboratory’s (ENL)-യില്‍ ഹെഡ് ഓഫ് ഡിവിഷനായി ഡോ. ലിസിയെ നിയമിച്ചിരുന്നു.

ഉന്നതിവിദ്യാഭ്യാസവകുപ്പ് റിസര്‍ച്ചുകള്‍ക്കായി ജൂലൈ 11-ന് പ്രഖ്യാപിച്ച 14.6 മില്യണ്‍ ധനസഹായത്തിന്റെ ഭാഗമായാണ് ഡോ. ലിസിക്ക് റിസര്‍ച്ച് പൂര്‍ത്തിയാക്കാന്‍ ഫണ്ട് ലഭിച്ചിരിക്കുന്നത്. ലിസിയുടേതടക്കം രാജ്യത്തെ 25 പ്രോജക്ടുകള്‍ക്കായി ഇത്തരത്തില്‍ സര്‍ക്കാര്‍ പണം നല്‍കും.

Share this news

Leave a Reply

%d bloggers like this: