അയർലണ്ടിൽ എയർ ലിംഗസ് സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; പൈലറ്റ് സമരം പൂർണ്ണമായും പിൻവലിച്ചു

അയര്‍ലണ്ടിലെ പൈലറ്റ് സമരം പൂര്‍ണ്ണമായും പിന്‍വലിച്ചതോടെ എയര്‍ ലിംഗസ് സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ സാധാരണ നിലയിലേയ്‌ക്കെത്തി. മൂന്നാഴ്ചയോളം നീണ്ട വര്‍ക്ക് ടു റൂള്‍ സമരവും, ഒരു ദിവസം നടത്തിയ എട്ട് മണിക്കൂര്‍ നേരത്തെ പണിമുടക്കും കാരണം നൂറുകണക്കിന് ഫ്‌ളൈറ്റുകള്‍ കമ്പനി റദ്ദാക്കിയിരുന്നു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് എയര്‍ ലിംഗസിലെ Irish Air Line Pilots’ Association (IALPA) പൈലറ്റുമാര്‍ പ്രഖ്യാപിച്ച സമരം ഒത്തുതീര്‍പ്പാകാതെ നീണ്ടതിനെത്തുടര്‍ന്ന് ലേബര്‍ കോടതി ഇടപെട്ട് മുന്നോട്ട് വച്ച നിര്‍ദ്ദേശം അംഗീകരിച്ചാണ് അസോസിയേഷന്‍ സമരം പിന്‍വലിച്ചത്.

ശമ്പളത്തില്‍ 24% വര്‍ദ്ധനയായിരുന്നു അസോസിയേഷന്‍ ആവശ്യപ്പെട്ടതെങ്കിലും 12.5% നല്‍കാം എന്നായിരുന്നു എയര്‍ ലിംഗസ് നിലപാട്. തുടര്‍ന്ന് 17.5% ശമ്പളവര്‍ദ്ധന എന്ന നിര്‍ദ്ദേശം ലേബര്‍ കോടതി മുന്നോട്ട് വയ്ക്കുകയും, അസോസിയേഷനും, കമ്പനിയും അത് അംഗീകരിക്കുകയുമായിരുന്നു. അതേസമയം ലേബര്‍ കോടതി നിര്‍ദ്ദേശത്തെ പൈലറ്റുമാരുടെ സംഘടനയിലെ ഭൂരിഭാഗം പേരും അംഗീകരിച്ചാല്‍ മാത്രമേ അത് നടപ്പിലാകൂ. അക്കാര്യത്തിനായി അംഗങ്ങള്‍ക്കിടയില്‍ ഇന്ന് മുതല്‍ ആറ് ദിവസം വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. നിര്‍ദ്ദേശം എയര്‍ ലിംഗസ് നേരത്തെ തന്നെ അംഗീകരിച്ചിരുന്നു.

എയര്‍ ലിംഗസ് ഈയിടെ 400% ലാഭം വരുമാനത്തില്‍ നേടിയിട്ടും അതിന്റെ ഗുണഫലം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന്കാട്ടിയായിരുന്നു പൈലറ്റുമാര്‍ ശമ്പളവര്‍ദ്ധന എന്ന ആവശ്യം മുന്നോട്ടുവച്ചത്.

Share this news

Leave a Reply

%d bloggers like this: