വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി മുന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് Fine Gael നേതാവ് കൂടിയായിരുന്ന വരദ്കര്‍ പ്രധാനമന്ത്രിപദത്തില്‍ നിന്നും അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചത്. വ്യക്തിപരവും, രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് രാജി എന്ന് ഇന്ത്യന്‍ വംശജനായ വരദ്കര്‍ അന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ സൈമണ്‍ ഹാരിസ് പ്രധാനമന്ത്രിയായും, പാര്‍ട്ടി നേതാവായും ചുമതലയേറ്റു.
നിലവില്‍ ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തിലെ ഒരു ടിഡിയാണ് വരദ്കര്‍. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് പകരം സ്ഥാനാര്‍ത്ഥിയെ സെപ്റ്റംബര്‍ പകുതിയോടെ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ കണ്ടെത്തേണ്ടതായി വരും.
1999-ല്‍ ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്തെത്തിയപ്പോള്‍ മുതല്‍ തന്നെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ വരദ്കര്‍ തീരുമാനമറിയിച്ചത്. ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സിലിലെ Castleknock/Blanchardstown ഏരിയയില്‍ നിന്നും ആദ്യമായി തെരഞ്ഞെടുപ്പ് വിജയിച്ച വരദ്കര്‍ രണ്ട് പതിറ്റാണ്ടോളം ജനപ്രതിനിധിയായി തുടരുകയാണ്. 2007 മുതല്‍ നാല് തവണ തുടര്‍ച്ചയായി ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച വരദ്കര്‍, രാജ്യത്തെ ആദ്യ ഗേ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ചിരുന്നു.
പുതിയ അവസരങ്ങള്‍ തേടാനുള്ള സമയം ആയിരിക്കുന്നുവെന്നും, രാഷ്ട്രീയം ഒരു കരിയര്‍ ആക്കാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും സ്ഥാനാര്‍ത്ഥിത്വം നിരസിച്ചുള്ള പ്രഖ്യാപനത്തില്‍ വരദ്കര്‍ വ്യക്തമാക്കി. സമൂഹത്തിന് മറ്റ് ഏതെല്ലാം രീതികളില്‍ സംഭാവനകള്‍ നടത്താം എന്ന് താന്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്നും, Fine Gael പാര്‍ട്ടി മികച്ച നിലയില്‍ എത്തിയിരിക്കുമ്പോഴാണ് താന്‍ ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും വരദ്കര്‍ പറഞ്ഞു.
അധികാരത്തിലിരിക്കെ Connolly Hospital വിപുലീകരണം, പുതിയ St Francis hospice നിര്‍മ്മാണം, St Catherine’s Park, Royal Canal Greenway, Sports Campus Ireland എന്നിവയ്ക്കായി ഫണ്ടിങ് ലഭ്യമാക്കിയത് എന്നിവയെല്ലാം നേട്ടങ്ങളായി കരുതുന്നുവെന്ന് പറഞ്ഞ വരദ്കര്‍, Dart West പ്രോജക്ട് പൂര്‍ത്തിയാകാതെ ഇഴയുന്നതില്‍ കുറ്റബോധവും രേഖപ്പെടുത്തി.
നിലവിലെ സഖ്യസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ അടുത്ത വര്‍ഷമാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ സഖ്യസര്‍ക്കാരിലെ പാര്‍ട്ടികളായ Fine Gael, Fianna Fail എന്നിവ കൗണ്‍സില്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചേക്കുമെന്നും ഊഹാപോഹങ്ങളുണ്ട്.