അയര്‍ലണ്ടില്‍ വാടകവീട് വില്‍ക്കാന്‍ വീട്ടുടമ ഉദ്ദേശിക്കുന്ന പക്ഷം ആ വീട് വാടകക്കാര്‍ക്ക് തന്നെ വാങ്ങാന്‍ കൂടുതല്‍ സൗകര്യം നല്‍കുന്ന വിധത്തില്‍ പുതിയ നിയമം അണിയറയില്‍ ഒരുങ്ങുന്നു. ഇത്തരത്തിലൊരു നിയമം പാസാക്കാനുള്ള ബില്‍ അവതരിപ്പിക്കാന്‍ ഭവനമന്ത്രി ഡാര ഒബ്രിയന് സര്‍ക്കാര്‍ അനുമതി നല്‍കി.
ഈ നിയമപ്രകാരം ഒരാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്, വീട്ടുടമ വില്‍ക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, വീട് ഒഴിയാന്‍ നോട്ടീസ് (നോട്ടീസ് ഓഫ് ടെര്‍മിനേഷന്‍) നല്‍കിയ ശേഷം ഇവിടെ നിലവില്‍ താമസിക്കുന്ന വാടകക്കാരന്/ വാടകക്കാരിക്ക് ഈ വീട് വാങ്ങാന്‍ സാധിക്കുമോ എന്ന് നോക്കാന്‍ 90 ദിവസം സമയം നല്‍കണം. അഥവാ ഈ കാലയളവിനിടെ വീട്ടുടമ മുന്നോട്ട് വച്ച വിലയ്ക്ക് വീട് വാങ്ങാന്‍ സാധിക്കില്ലെന്ന് വാടകയ്ക്ക് താമസിക്കുന്ന വ്യക്തി പറയുകയാണെങ്കില്‍, 90 ദിവസത്തിന് ശേഷം വീട്ടുടമ മറ്റൊരാളുമായി കച്ചവടത്തിന് തയ്യാറായാല്‍, ആ തുകയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന വ്യക്തി പ്രസ്തുത വീട് വാങ്ങാന്‍ തയ്യാറാണോ എന്ന് ഒരിക്കല്‍ കൂടി ചോദിച്ചറിയണം. തയ്യാറാണെങ്കില്‍ വാടകയ്ക്ക് താമസിക്കുന്ന ആള്‍ക്ക് തന്നെ വീട് വില്‍ക്കാന്‍ ഉടമ തയ്യാറാകണം. First Refusal Legislation എന്നാണ് ഈ നിയമം അറിയപ്പെടുന്നത്.
നേരത്തെ കുടിയറക്കല്‍ നിരോധനം പിന്‍വലിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു നിയമം നടപ്പിലാക്കുമെന്ന് മന്ത്രി ഒബ്രിയന്‍ വാഗ്ദാനം നല്‍കിയിരുന്നത്. ഇത് സംബന്ധിച്ച ബില്‍ ഇനി ഇരുസഭകളിലും അവതരിപ്പിക്കുകയാണ് അടുത്ത കടമ്പ.
വില്‍പ്പന നടക്കുന്ന പക്ഷം വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ തുടര്‍ന്ന് താമസിക്കാനോ, ആ വീട് സ്വന്തമായി വാങ്ങാനോ രാജ്യത്ത് നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അവ ഉപയോഗപ്പെടുന്നത് പ്രധാനമായും വീടുകള്‍ ലോക്കല്‍ അതോറിറ്റികള്‍ക്ക് വില്‍ക്കപ്പെടുമ്പോഴുള്ള സാഹചര്യങ്ങളിലാണ്.എന്നാല്‍ പുതിയ നിയമം സ്വകാര്യ ഉടമസ്ഥരുടെ വീടുകളില്‍, ഹൗസിങ് സപ്പോര്‍ട്ട് ഇല്ലാതെ താമസിക്കുന്നവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.