അയർലണ്ടിൽ ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെ നിർമ്മാണം പൂർത്തിയാക്കിയത് വെറും 158 സോഷ്യൽ ഹോമുകൾ മാത്രമെന്ന് ഭവന വകുപ്പിന്റെ റിപ്പോർട്ട്. ഈ വർഷം ആകെ 9,300 സോഷ്യൽ ഹോമുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും 158 എണ്ണം മാത്രമേ ആദ്യ പാദത്തിൽ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ.
അതേസമയം പൊതുവെ സോഷ്യൽ ഹോമുകൾ കൂടുതലായും നിർമ്മിക്കപ്പെടുന്നത് വർഷത്തിന്റെ രണ്ടാം പകുതിയിലാണെന്നാണ് ഭവനവകുപ്പ് വക്താവ് പറയുന്നത്. കഴിഞ്ഞ വർഷം നിർമ്മിക്കപ്പെട്ടവയിൽ 83 ശതമാനവും വർഷത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നുവെന്നും, അതിൽ തന്നെ 67 ശതമാനം അവസാന പാദത്തിൽ ആയിരുന്നു എന്നും ആണ് കണക്ക്. എന്നാൽ നിർമിക്കാൻ ഉദ്ദേശിച്ചതിലും 1,010 എണ്ണം കുറവാണ് കഴിഞ്ഞ വർഷം പണി പൂർത്തിയാക്കിയത്.
അതേസമയം പുതുതായി പണിതത് കൂടാതെ ഏറ്റെടുക്കൽ, ലീസിങ് എന്നിവയടക്കം 2024 ആദ്യ പാദത്തിൽ 720 സോഷ്യൽ ഹോമുകൾ താമസത്തിനു വിട്ടുനൽകാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ ആകെ 11,939 സോഷ്യൽ ഹോമുകൾ സർക്കാർ വാസയോഗ്യമാക്കി നൽകിയിരുന്നു. 13,130 എണ്ണം ആയിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത്തവണ ലക്ഷ്യത്തിലും അധികം സോഷ്യൽ ഹോമുകൾ നിർമ്മിക്കുമെന്നാണ് ഭവനമന്ത്രി ഡാര ഒബ്രിയൻ പറയുന്നത്.