അയര്‍ലണ്ടിലെ പൊതുആരോഗ്യമേഖലയിലേയ്ക്ക് (HSE) പുതിയ നിയമനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് അവസാനിക്കും. കഴിഞ്ഞ ഒക്‌ടോബറിലാണ് റിക്രൂട്ട്‌മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
അതേസമയം HSE-ക്ക് 1.5 ബില്യണ്‍ യൂറോയുടെ അധിക ഫണ്ടിങ് നല്‍കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപരിപാലനം മെച്ചപ്പെടുത്തുക, പണപ്പെരുപ്പത്തെ മറികടക്കുക മുതലായവയ്ക്കായാണ് ഈ പണം ഉപയോഗപ്പെടുത്തുക. ഇതിന് പിന്നാലെയാണ് നിയമനനിരോധനം പിന്‍വലിക്കുന്നതായി HSE മേധാവി ബെര്‍നാര്‍ഡ് ഗ്ലോസ്റ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ 2025-ല്‍ 1.2 ബില്യണ്‍ യൂറോയും HSE-ക്ക് ലഭിക്കും.
HSE-യിലെ 4,000 പോസ്റ്റുകള്‍ക്ക് ആവശ്യത്തിന് പണം ഇല്ലായിരുന്നുവെന്നും, സര്‍ക്കാര്‍ കൂടുതല്‍ ഫണ്ടിങ് പ്രഖ്യാപിച്ചത് ഈ ആശങ്ക ഇല്ലാതാക്കിയെന്നും ഗ്ലോസ്റ്റര്‍ പറഞ്ഞു. നിയമനനിരോധനം നീക്കിയെങ്കിലും ഓരോ പ്രദേശത്തും റിക്രൂട്ട് ചെയ്യേണ്ട ജീവനക്കാരുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നും, അതില്‍ കൂടുതലായി നിയമനം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ 900 ഏജന്‍സി പോസ്റ്റുകള്‍ ഈ വര്‍ഷം HSE പോസ്റ്റുകളാക്കി മാറ്റുമെന്നും ഗ്ലോസ്റ്റര്‍ പറഞ്ഞു.