അയർലണ്ടിൽ ജനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഹോസ്പിറ്റൽ ബെഡ്ഡുകളില്ല; ഇയുവിൽ അവസാന അഞ്ചിലേയ്ക്ക് എത്തി രാജ്യം

അയര്‍ലണ്ടിലെ ഹോസ്പിറ്റല്‍ ബെഡ്ഡുകളുടെ എണ്ണം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 28% വര്‍ദ്ധിച്ചെങ്കിലും ജനസംഖ്യയ്ക്ക് ആനുപാതികമായി കണക്കാക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളെക്കാളും വളരെ കുറവെന്ന് റിപ്പോര്‍ട്ട്. 27 അംഗ ഇയു രാജ്യങ്ങളില്‍ ഒരു ലക്ഷം ആളുകള്‍ക്ക് എന്ന രീതിയില്‍ കണക്കാക്കുമ്പോള്‍ ഏറ്റവും കുറവ് ഹോസ്പിറ്റല്‍ ബെഡ്ഡുകളുള്ള അഞ്ചാമത്തെ രാജ്യമാണ് അയര്‍ലണ്ട് എന്ന് യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇയു ശരാശരിയെക്കാള്‍ 43% കുറവാണിത്. ഒരു ലക്ഷം ആളുകള്‍ക്ക് 291 ബെഡ്ഡുകള്‍ എന്നതാണ് 2022-ലെ സ്ഥിതിയനുസരിച്ച് അയര്‍ലണ്ടിലെ കണക്ക്. എന്നാല്‍ 516 ബെഡ്ഡുകളാണ് ഇയു ശരാശരി. ഇന്‍ പേഷ്യന്റ് ബെഡ്ഡുകള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്. ഡേ കെയര്‍, ഔട്ട് പേഷ്യന്റ് കെയര്‍ ബെഡ്‌സ് എന്നിവ ഇതില്‍ പെടില്ല.

അതേസമയം മറ്റൊരു കൗതുകകരമായ കണക്ക് എന്താണെന്നാല്‍ ഒരു പതിറ്റാണ്ടിലെ കണക്കെടുത്താല്‍ ഹോസ്പിറ്റല്‍ ബെഡ്ഡുകളുടെ കാര്യത്തിലെ ഇയു ശരാശരി കുറഞ്ഞുവരുമ്പോള്‍, അയര്‍ലണ്ടില്‍ ബെഡ്ഡുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2012-ല്‍ 563 ആയിരുന്ന ഇയു ശരാശരിയില്‍, 2022 ആകുമ്പോള്‍ 7% കുറവ് സംഭവിച്ചു. ഇക്കാലയളവില്‍ പക്ഷേ അയര്‍ലണ്ടിലെ ബെഡ്ഡുകളുടെ എണ്ണം 28% വര്‍ദ്ധിച്ചു. എന്നിരുന്നാലും ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള വര്‍ദ്ധന ഉണ്ടായിട്ടില്ല.

2012-ല്‍ ആകെ 11,692 ഹോസ്പിറ്റല്‍ ബെഡ്ഡുകളാണ് അയര്‍ലണ്ടിലുണ്ടായിരുന്നത്. 2022 ആകുമ്പോള്‍ ഇത് 15,009 ആയി ഉയര്‍ന്നു. പക്ഷേ ഇപ്പോഴും രാജ്യത്തെ ആശുപത്രികളില്‍ ചികിത്സയ്ക്ക് ബെഡ്ഡ് ലഭിക്കാതെ രോഗികള്‍ ട്രോളികളിലും മറ്റും ചികിത്സ തേടുന്നത് വര്‍ദ്ധിച്ചുവരികയാണ്.

അതേസമയം ബെഡ്ഡുകളുടെ കാര്യത്തില്‍ ഇയു ശരാശരിയിലെ കുറവ് സാങ്കേതികവിദ്യ പുരോഗമിച്ചത് കാരണം കൂടുതല്‍ കാലം രോഗികളെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതില്ല എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയതിനാലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഇയുവില്‍ ഒരു ലക്ഷം പേര്‍ക്ക് ഏറ്റവുമധികം ബെഡ്ഡുകളുള്ള രാജ്യം ബള്‍ഗേറിയ ആണ്- 823. ജര്‍മ്മനി (766), റൊമാനിയ (728) എന്നിവയാണ് പിന്നാലെ. അതേസമയം ഏറ്റവും കുറവ് ബെഡ്ഡുകളുള്ള രാജ്യങ്ങള്‍ സ്വീഡന്‍ (1 ലക്ഷം പേര്‍ക്ക് 190), നെതര്‍ലണ്ട്‌സ് (245), ഡെന്മാര്‍ക്ക് (248) എന്നിവയാണ്.

Share this news

Leave a Reply

%d bloggers like this: