അയര്‍ലണ്ടിലെ മൂന്നിലൊന്ന് കാറുടമകളും ഓരോ 3-5 വര്‍ഷം കൂടുമ്പോഴും കാര്‍ മാറ്റുന്നതായി സര്‍വേ. അവൈവ ഇന്‍ഷുറന്‍സ് നടത്തിയ സര്‍വേയിലാണ് രാജ്യത്തെ 34% പേരും മേല്‍ പറഞ്ഞ കാലയളവില്‍ ഓരോ തവണയും വാഹനം മാറ്റി വാങ്ങിക്കുന്നതായി വ്യക്തമായത്. ചെറുപ്പക്കാരാണ് ഇത്തരത്തില്‍ കാര്‍ മാറ്റം പതിവാക്കിയിരിക്കുന്നത്.
അതേസമയം 26% പേര്‍ മാത്രമാണ് വളരെ അത്യാവശ്യമായി വന്നാല്‍ മാത്രമേ നിലവില്‍ ഉപയോഗിക്കുന്ന കാര്‍ മാറ്റി വാങ്ങുകയുള്ളൂ എന്ന് പ്രതികരിച്ചത്. ഇക്കാര്യത്തോട് കൂടുതലും യോജിച്ചത് സ്ത്രീകളാണ്.
കാര്‍ മാറ്റിവാങ്ങുന്നതില്‍ പൊതുവെ പുരുഷന്മാരാണ് രാജ്യത്ത് മുന്നില്‍. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴോ അതില്‍ കുറവോ കാലത്തിനുള്ളിലോ പത്തില്‍ ഒന്ന് പുരുഷന്മാര്‍ തങ്ങളുടെ കാര്‍ മാറ്റുമ്പോള്‍ 20-ല്‍ ഒന്ന് സ്ത്രീകള്‍ മാത്രമേ ഇപ്രകാരം ചെയ്യുന്നുള്ളൂ.
34-44 പ്രായക്കാരായ ആളുകള്‍ അതിലും പ്രായം കുറഞ്ഞവരെ അപേക്ഷിച്ച് ഓരോ വര്‍ഷവും കാര്‍ മാറ്റി വാങ്ങുന്നില്ലെന്നും, മോര്‍ട്ട്‌ഗേജ് പേയ്‌മെന്റുകള്‍, കുട്ടികളുടെ ചെലവുകള്‍ തുടങ്ങിയവ കാരണമാണിതെന്നും അവൈവ ഇന്‍ഷുന്‍സിന്റെ ജൂലി ഫ്രേസര്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 42% പേരും പഴയത് മാറ്റി പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, വിലയാണ് പ്രധാന പ്രശ്‌നം എന്നാണ് പറയുന്നത്. പുതിയ കാര്‍ വാങ്ങല്‍ എന്നത് പണം വെറുതെ കളയലാണ് എന്ന് 32% പേരും പ്രതികരിച്ചു. അതിനായി മുടക്കുന്നതില്‍ നിന്നും തിരികെ വരുമാനമൊന്നും ലഭിക്കില്ല എന്നതാണ് അവര്‍ കാരണമായി പറയുന്നത്.
879 ഡ്രൈവര്‍മാരടക്കം 1000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.