ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശ്വാസം; അയർലണ്ടിലെ വിദ്യാർത്ഥികളുടെ വാടക താമസ കാലയളവ് 51 ആഴ്ചയിൽ നിന്നും 41 ആയി കുറയ്ക്കുന്ന നിയമം പ്രാബല്യത്തിൽ

അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള 41 ആഴ്ചത്തെ സ്റ്റുഡന്റ് ലീസ് നിയമം പ്രാബല്യത്തില്‍. ഇരു സഭകളും നേരത്തെ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഒപ്പുവച്ചതോടെ അത് നിയമമായി മാറി. The Residential Tenancies (Amendment)(No. 2) Act പ്രകാരം ഇനിമുതല്‍ വിദ്യാര്‍ത്ഥികളുടെ താമസത്തിന് കെട്ടിടം വാടകയ്ക്ക് നല്‍കുന്ന കാലയളവ് 51 ആഴ്ച എന്നത് 41 ആഴ്ചയായി കുറയും.

അയര്‍ലണ്ടില്‍ സെപ്റ്റംബര്‍ മുതല്‍ മെയ് വരെയുള്ള 35 ആഴ്ചകളാണ് സാധാരണയായി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു അക്കദാമിക് വര്‍ഷം. എന്നാല്‍ വീട്ടുടമകള്‍ 51 ആഴ്ചയ്‌ത്തേയ്ക്കാണ് വീടുകള്‍ ലീസിന് നല്‍കാറ്. ഇക്കാരണത്താല്‍ അക്കാദമിക് വര്‍ഷം കഴിഞ്ഞിട്ടും ആഴ്ചകളോളം വിദ്യാര്‍ത്ഥികള്‍ അധിക പണം വാടകയായി ഉടമയ്ക്ക് നല്‍കേണ്ടിവരികയാണ്. എന്നാല്‍ വേനല്‍ക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് താമസം ആവശ്യമില്ലതാനും. ഇത്തരത്തില്‍ അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അവസാനിപ്പിക്കുന്നതിനാണ് 41 ആഴ്ചത്തെ ലീസ് എന്ന രീതിയില്‍ വീടുകള്‍ നല്‍കാന്‍ നിഷ്‌കര്‍ഷിക്കുന്ന പുതിയ നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം വിദ്യാര്‍ത്ഥികളില്‍ നിന്നും വീട്ടുടമകള്‍ ഒരു മാസത്തിലധികം വാടക തുക അഡ്വാന്‍സായി ഈടാക്കാനും പാടില്ല.

തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് 51 ആഴ്ചത്തെ ലീസ് കാലയളവ് ആവശ്യമായി വരുന്നതെന്ന് Fine Gael സെനറ്ററും, പാര്‍ട്ടിയുടെ ഹൗസിങ് കാര്യ വക്താവുമായ ജോണ്‍ കമ്മിന്‍സ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് അത് ആവശ്യമില്ലെന്ന് മാത്രമല്ല, സാമ്പത്തികമായി പ്രാപ്യവുമല്ല. അതേസമയം 51 ആഴ്ചത്തെ താമസം വേണ്ടവര്‍ക്ക് അത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിയമത്തിലുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ വിദ്യാര്‍ത്ഥികളുമായി 51 ആഴ്ചത്തെ ലീസ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീട്ടുടമകള്‍, അത് പുതിയ നിയമപ്രകാരം 41 ആഴ്ചയിലേയ്ക്ക് മാറ്റിയെഴുതാന്‍ തയ്യാറാകണമെന്നും കമ്മിന്‍സ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: