പൈലറ്റുമാര്‍ക്ക് 17.75% ശമ്പളവര്‍ദ്ധന നടപ്പില്‍വരുത്താനുള്ള ലേബര്‍ കോടതി നിര്‍ദ്ദേശം അംഗീകരിച്ച് എയര്‍ ലിംഗസ് പൈലറ്റുമാരുടെ സംഘടനയായ IALPA. എയര്‍ ലിംഗസ് നേരത്തെ തന്നെ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു. ഇതോടെ ഈ നിര്‍ദ്ദേശം മുന്‍ നിര്‍ത്തി IALPA അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തും. ഭൂരിപക്ഷം അംഗീകരിക്കുകയാണെങ്കില്‍ പൈലറ്റുമാര്‍ പുതുക്കിയ ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറാകും. ഉടനടി തന്നെ സമരം നിര്‍ത്തിവയ്ക്കാനും സംഘടന തയ്യാറായിട്ടുണ്ട്. വോട്ടെടുപ്പിന്റെ ഫലം അടിസ്ഥാനമാക്കിയാകും ബാക്കി തീരുമാനങ്ങള്‍.
ജൂണ്‍ 26 മുതല്‍ എയര്‍ ലിംഗസിലെ IALPA അംഗങ്ങളായ പൈലറ്റുമാര്‍ ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് വര്‍ക്ക് ടു റൂള്‍ രീതിയില്‍ സമരം നടത്തിവരികയാണ്. ഒരു ദിവസം എട്ട് മണിക്കൂര്‍ പണിമുടക്കും നടത്തി. നൂറകണക്കിന് സര്‍വീസുകളാണ് സമരം കാരണം മുടങ്ങിയത്.
വലിയ ലാഭം കൊയ്യുന്ന എയര്‍ ലിംഗസ് 24% ശമ്പള വര്‍ദ്ധന പൈലറ്റുമാര്‍ക്ക് നല്‍കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍ 12.5% മാത്രമേ വര്‍ദ്ധന നടപ്പിലാക്കൂ എന്ന് എയര്‍ ലിംഗസും നിലപാടെടുത്തതോടെ സമരം ഒത്തുതീര്‍പ്പിലെത്താതെ നീളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ലേബര്‍ കോടതി ഇടപെട്ട് ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ നിലയില്‍ 17.75% ശമ്പളവര്‍ദ്ധന എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഇരു കക്ഷികളും ആഭ്യന്തരമായി നടത്തിയചര്‍ച്ചകള്‍ക്ക് ശേഷം നിര്‍ദ്ദേശം അംഗീകരിക്കുന്നതായി അറിയിക്കുകയായിരുന്നു.
ഇത് പൈലറ്റുമാരുടെ വിജയമാണെന്ന് സംഘടനയുടെ പ്രസിഡന്റ് Mark Tighe-യും പ്രതികരിച്ചു. നിര്‍ദ്ദേശം സ്വീകരിക്കുന്നത് സംബന്ധിച്ച് IALPA അംഗങ്ങള്‍ക്കിടയിലെ വോട്ടെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ ലിംഗസും പറഞ്ഞു. പ്രധാനമന്ത്രി സൈമണ്‍ ഹാരിസും തീരുമാനത്തെ സ്വാഗതം ചെയ്തു.