കേരളം ആസ്ഥാനമാക്കി ഇതാ ഒരു വിമാന കമ്പനി. സെറ്റ് ഫ്‌ളൈ ഏവിയേഷന്റെ കീഴിലുള്ള ‘എയര്‍ കേരള’ വിമാന സര്‍വീസിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്തനാനുമതി നൽകിയതോടെ ഏറെക്കാലമായുള്ള ഒരു സ്വപ്നം ചിറകുവിരിക്കുകയാണ്. പ്രവാസി മലയാളികളായ ബിസിനസുകാർ ചേർന്ന് രൂപീകരിച്ച സെറ്റ് ഫ്ലൈ എന്ന കമ്പനിക്ക് കീഴിലാണ് ‘എയര്‍ കേരള’ പ്രവർത്തിക്കുക.
ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾക്കിടയിൽ ആഭ്യന്തര സർവീസുകളാണ് ആദ്യം തുടങ്ങുകയെന്നും, ഇതിനായി മൂന്ന് വിമാനങ്ങൾ വാങ്ങുമെന്നും സെറ്റ് ഫ്ലൈ ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട എന്നിവർ പറഞ്ഞു. വൈകാതെ തന്നെ അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കാനും, ആകെ സർവീസുകളുടെ എണ്ണം 20 ആയി ഉയർത്താനുമാണ് പദ്ധതി. നിർമ്മാതാക്കളിൽ നിന്നും നേരിട്ട് വിമാനങ്ങൾ വാങ്ങാനും ശ്രമം നടത്തും. പ്രവാസി ഇന്ത്യക്കാർക്കുള്ള തങ്ങളുടെ സമ്മാനം എന്നാണ് എയർ കേരളയെ ഉടമകൾ വിശേഷിപ്പിച്ചത്.
2005-ല്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടതാണ് ‘എയര്‍ കേരള’ വിമാന സര്‍വീസ്. എന്നാല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിക്കാതെ പോയതോടെ പദ്ധതി വെളിച്ചം കാണാതെ പോകുകയായിരുന്നു. ഇതിനായി സർക്കാർ നിർമ്മിച്ച വെബ്സൈറ്റിന്റെ ‘എയര്‍കേരള ഡോട്ട് കോം’ എന്ന ഡൊമെയ്ന്‍ സ്മാര്‍ട്ട് ട്രാവല്‍സ് ഉടമയായ അഫി അഹമ്മദ് കഴിഞ്ഞ വർഷം 2.25 കോടി രൂപ നൽകി വാങ്ങിക്കുകയും ചെയ്തിരുന്നു.