അയർലണ്ടിൽ യുവതിയെ മർദ്ദിച്ച് ബോധം കെടുത്തിയ സൈനികനെ സേനയിൽ നിന്നും പുറത്താക്കും

അയര്‍ലണ്ടില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ വിചാരണയ്ക്ക് ശേഷം ജയില്‍ ശിക്ഷ ഒഴിവായെങ്കിലും സൈനികനെ പുറത്താക്കാന്‍ തീരുമാനം. ഐറിഷ് പ്രതിരോധ സേനാംഗമായ Cathal Crotty-യെ വ്യാഴാഴ്ച സൈന്യത്തില്‍ നിന്നും പുറത്താക്കും.

കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയെങ്കിലും Crotty-ക്ക് തടവ് ശിക്ഷ നല്‍കാതിരുന്നത് രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ വിചാരണ നേരിടുന്ന സൈനികരുടെ വിവരങ്ങള്‍ കൈമാറാന്‍ പ്രതിരോധമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തടവ് നല്‍കിയാല്‍ Crotty-യുടെ കരിയറിനെ അത് ബാധിക്കുമെന്ന കാരണത്താലായിരുന്നു കോടതി ശിക്ഷ ഒഴിവാക്കിയത്.

പുറത്താക്കുന്നതിനെതിരെ അപ്പീല്‍ നല്‍കാന്‍ ഏഴ് ദിവസത്തെ സമയം കഴിഞ്ഞ മാസം Crotty-ക്ക് സൈന്യം നല്‍കിയിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കാതെ വന്നതോടെയാണ് പുറത്താക്കല്‍ തീരുമാനം എടുത്തിരിക്കുന്നത്.

2022 മെയ് 29-നായിരുന്നു Natasha O’Brien (22) എന്ന യുവതിക്ക് നേരെ ലിമറിക്കല്‍ വച്ച് Crotty ആക്രമണം നടത്തിയത്. റോഡിലൂടെ പോകുകയായിരുന്ന ചിലരെ Crotty ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചത് Natasha ചോദ്യം ചെയ്തതാണ് Crotty-യെ പ്രകോപിപ്പിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് Natasha ബോധരഹിതയായിരുന്നു.

Share this news

Leave a Reply

%d bloggers like this: